മഴ ഭീഷണി ഒഴിഞ്ഞു, പുതുപ്പള്ളി വീണ്ടും പോളിംഗ് ചൂടിലേക്ക്, പോളിംഗ് സ്റ്റേഷനുകൾ സന്ദർശിച്ച് ജില്ലാ പോലീസ് മേധാവി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.


പുതുപ്പള്ളി: മഴ ഭീഷണി ഒഴിഞ്ഞതോടെ പുതുപ്പള്ളി വീണ്ടും പോളിംഗ് ചൂടിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു മണിക്കൂറിലധികമായി പുതുപ്പള്ളി, മണർകാട്, പാമ്പാടി, അയർക്കുന്നം മേഖലകളിൽ കനത്ത മഴയായിരുന്നു. മഴയെ തുടർന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്ന വോട്ടർമാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ പോളിംഗ് ആരംഭിച്ച 7 മണി മുതൽ ഉച്ചവരെ എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണുണ്ടായിരുന്നത്. മഴ മാറിയതോടെ കൊടുത്താൽ ആളുകൾ വോട്ട് ചെയ്യാനെത്തുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. അതേസമയം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകൾ സന്ദർശിച്ച് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പോലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഡിവൈ.എസ്.പിമാർ, ഏഴ് സി.ഐമാർ, 58 എസ്.ഐ/എ.എസ്.ഐമാർ, 399 സിവിൽ പോലീസ് ഓഫീസർമാർ, 142 സായുധപോലീസ് ബറ്റാലിയൻ അംഗങ്ങൾ, 64 കേന്ദ്രസായുധപോലീസ് സേനാംഗങ്ങൾ(സി.എ.പി.എഫ്.) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എ.ഡി.ജി.പി., ഡി.ഐ.ജി., സോണൽ ഐ.ജി., ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവർത്തിക്കും. 21 പേർ അടങ്ങുന്നതാണ് ഒരു സ്‌ട്രൈക്കിംഗ് ഫോഴ്‌സ്.