കോട്ടയം: സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ വയോസേവന അവാർഡിൽ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തായി കോട്ടയം ജില്ലയിലെ എലിക്കുളത്തെ തെരഞ്ഞെടുത്തു. വയോജന ക്ഷേമത്തിനായി നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. പഞ്ചായത്തിലെ 16 വാർഡുകളിലും വയോജന ക്യാമ്പുകൾ സംഘടിപ്പിക്കുകയും തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതികൾ രൂപീകരിക്കുകയും ചെയ്തു. പഞ്ചായത്തിൽ നിലവിൽ ആറ് പകൽവീടുകൾ പ്രവർത്തിക്കുന്നുണ്ട്. വയോജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് എല്ലാവർഷവും കലാകായിക മത്സരങ്ങളും വിനോദയാത്രകളും സംഘടിപ്പിക്കാറുമുണ്ട്. ഇതോടൊപ്പം വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ്, യോഗാപരിശീലനം, കൂട്ടിരിപ്പുകാർക്ക് ഫിസിയോതെറാപ്പി പരിശീലനം, സംരഭകത്വ പരിശീലനം, നേത്രപരിശോധന ക്യാമ്പ്, സ്മാർട്ട് ഫോൺ ഉപയോഗ പരിശീലനം എന്നിവ നടത്തിവരുന്നു.പഞ്ചായത്ത് ഓഫിസ് വയോജനസൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി പഞ്ചായത്തിൽ എത്തിച്ചേരുന്നവർക്ക് സൗജന്യമായി ചായ, കാപ്പി, ലഘുഭക്ഷണങ്ങൾ എന്നിവ നൽകുന്നുണ്ട്. കൂടാതെ എല്ലാ ദിവസവും ആശാവർക്കർമാരുടെ സഹകരണത്തോടെ ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ എന്നിവ സൗജന്യമായി പരിശോധിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ചൊവ്വാഴ്ച ദിവസവും കൗൺസിലിംഗ് സൗകര്യം, പൊലീസ് ഹെൽപ്പ് ഡെസ്‌ക് എന്നി സേവനങ്ങൾ നൽകിവരുന്നു. പഞ്ചായത്ത് ഓഫീസിൽ എത്തുന്ന വയോജനങ്ങൾക്ക് വയോജന പഞ്ചായത്ത് സമിതിയായ നിറവിന്റെ സേവനവും ലഭ്യമാണ്.പഞ്ചായത്തിലെ 5342 വയോജനങ്ങളിൽ 76 പേർ കിടപ്പ് രോഗികളാണ്. ഇവർക്കായി പഞ്ചായത്തിന്റെ പാലിയേറ്റീവ് നഴ്സിന്റെ സേവനം എല്ലാ ആഴ്ചയും നൽകിവരുന്നു. അതോടൊപ്പം ആവശ്യമുള്ളവർക്ക് ഫിസിയോ തെറാപ്പിസ്റ്റിന്റെയും ആംബുലൻസിന്റെയും സേവനം ലഭ്യമാണ്.വയോജനങ്ങളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി വയോജനങ്ങളിലേയും ഭിന്നശേഷിക്കാരിലേയും കലാകാരന്മാരെ പങ്കെടുപ്പിച്ച് 'മാജിക്ക് വോയ്സ്' എന്ന പേരിൽ ഗാനമേള ട്രൂപ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ കാൻസർ രോഗികൾക്കായി മരുന്നുകളും കിഡ്നി രോഗികൾക്കായി ഡയാലിസിസ് കിറ്റുകളും സൗജന്യമായി നൽകി വരുന്നു. പഞ്ചായത്തിലെ മുഴുവൻ ആശാവർക്കർമാർക്കും വയോജനക്ഷേമത്തിനായി ബി പി അപ്പാരറ്റസും ഗ്ലൂക്കോമീറ്ററും നൽകി. ഇവർ പാലിയേറ്റീവ് ടീമിനൊപ്പം വീടുകളിൽ എത്തി രോഗികൾക്ക് സേവനം നൽകുന്നുണ്ട്.