മൃഗങ്ങളുടെ കടിയോ മാന്തലോ ഏറ്റാൽ ആദ്യ 15 മിനിറ്റ് പ്രഥമശുശ്രൂഷയ്ക്കായി മാറ്റിവയ്ക്കണം: ജില്ലാ കളക്ടർ.


കോട്ടയം: മൃഗങ്ങളുടെ കടിയോ മാന്തലോ ഏറ്റാൽ ആദ്യ 15 മിനിറ്റ് പ്രഥമശുശ്രൂഷ നടത്താൻ എല്ലാവരും അറിഞ്ഞിരിക്കണമെന്നു ഇത് സംബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പ്, ആരോഗ്യകേരളം എന്നിവർ തയ്യാറാക്കിയ  'ആ 15 മിനിറ്റ് 'എന്ന ഹ്രസ്വചിത്രം കോട്ടയം സി.എം. എസ് കോളേജ് എഡ്യൂക്കേഷണൽ  തിയേറ്ററിൽ പ്രകാശനം ചെയ്ത് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. പേവിഷബാധാദിനത്തോടനുബന്ധിച്ച ജില്ലാതല സമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ അധ്യക്ഷത വഹിച്ചു. കടിയേറ്റാൽ വാക്‌സിനേഷൻ പോലെ തന്നെ പ്രധാനമാണ് പ്രഥമ ശുശ്രൂഷ എന്നതാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം.  ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജിൽ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ലഭ്യമാണ്.  കുടുംബശ്രീ യൂണിറ്റുകൾ, സ്കൂൾ രക്ഷാകർത്താക്കൾ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവരുടെ വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയും പ്രഥമ ശുശ്രൂഷയുടെ സന്ദേശം ജനങ്ങളിലെത്തിക്കും.  ചിത്രം പരമാവധി ജനങ്ങളിലെത്തിച്ച് പേവിഷബാധക്കെതിരയുള്ള പ്രഥമ ശുശ്രൂഷ നടത്താൻ എല്ലാവരെയും പ്രാപ്തരാകണമെന്ന് ഡി.എം.ഓ അഭ്യർത്ഥിച്ചു. ജില്ലാ തല സമ്മേളനത്തിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ അജയ്‌മോഹൻ, കോളേജ് പ്രിൻസിപ്പൽ ഡോ വര്ഗീസ് സി ജോഷ്വ, മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ സൈറു ഫിലിപ്പ്, വിദ്യാഭാസവകുപ്പ് പ്രതിനിധി എസ് ശ്രീകുമാർ, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ ജെസ്സി സെബാസ്റ്റ്യൻ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. സി ജെ സിത്താര, ഏകാരോഗ്യം ജില്ലാ കോർഡിനേറ്റർ ഡോ. എ ആർ ഭാഗ്യശ്രീ ജില്ലാ മീഡിയ എഡ്യൂക്കേഷൻ ഓഫീസർ ഡോമി ജോൺ തുടങ്ങിയവർ സംസാരിച്ചു.