ഈരാറ്റുപേട്ടയിൽ ഒമ്പത് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാരോഗ്യ വിഭാഗം നഗരത്തിലെ ഒമ്പത് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. പഴകിയ ഭക്ഷണം കണ്ടെത്തിയ സ്ഥാപനങ്ങളുടെ ഉടമകൾക്ക് നോട്ടീസ് നൽകിയെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെൽത്ത് സൂപ്പർവൈസറും ക്ലീൻ സിറ്റി മാനേജരുമായ ടി. രാജൻ അറിയിച്ചു. പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്, ഡിസ്പോസിബിൾ ഗ്ലാസ് എന്നിവ പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. വിലവിവര പട്ടികയും ലൈസൻസും പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം. മത്സ്യ, മാംസ വില്പന സ്റ്റാളുകളിൽ നിന്നും മലിന ജലം പുറത്തേക്കൊഴുക്കിയാൽ ലൈസൻസ് റദ്ദാക്കുന്നതും പിഴ ചുമത്തുന്നതും ഉൾപ്പടെ നടപടികൾ സ്വീകരിക്കും. പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.എം. നൗഷാദ്, ജെറാൾഡ് മൈക്കിൾ, വി.എച്ച്. അനീസ എന്നിവർ പങ്കെടുത്തു.