ഈരാറ്റുപേട്ട: വ്യാഴാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിൽ കോട്ടയം ജില്ലയുടെ മലയോര മേഖലകളായ തീക്കോയി ഇഞ്ചപ്പാറ, ആനിപ്ലാവ് എന്നീ സ്ഥലങ്ങളിലും തലനാട് വെള്ളാനിയിലും ഉരുൾപൊട്ടൽ ഉണ്ടായി. മേഖലകളിൽ വലിയ മലവെള്ള പാച്ചിലാണുണ്ടായത്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്ന്ന മേഖലകളിൽ ആറിന്റെ സമീപ പ്രദേശത്തു താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറി. മീൻവിലാറിന്റെ കൈവഴികളിലും ശക്തമായ ഒഴുക്കാണ് അനുഭവപ്പെട്ടത്. കനത്ത മഴയെത്തുടർന്ന് ഈരാറ്റുപേട്ട- വാഗമൺ റോഡിൽ മണ്ണിടിഞ്ഞു വീണു. ഗതാഗതം തടസ്സപ്പെട്ടു. ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് പ്രദേശത്ത് കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടത്തിവിട്ടത്. സ്ഥലത്ത് ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി സന്ദർശനം നടത്തി. ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. വെള്ളിക്കുളം സ്കൂളിൽ ക്യാംപ് ആരംഭിച്ചു. മേഖലയിൽ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. ഇഞ്ചപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കല്ലും മണ്ണും റോഡിലേക്ക് വീണു കിടക്കുകയാണ്. റോഡിനു നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. പ്രദേശത്തെ വൈദ്യുത പോസ്റ്റുകളും ലൈനുകളും തകർന്നു കിടക്കുകയാണ്. ആളപായം നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും പാലാ ആർ ഡി ഒ യുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.