കോട്ടയം: പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ കുമരകം സ്വദേശിനിയായ യുവതി മരിച്ചു. പൊന്നാട് പുത്തൻപുര രവീന്ദ്രൻ-രേണുക ദമ്പതികളുടെ മകളും കോട്ടയം കുമരകം ചൂള ഭാഗത്ത് തൈത്തറ നിധീഷിന്റെ ഭാര്യയുമായ രജിത (33 ) ആണ് മരിച്ചത്. സംഭവത്തിൽ ഗുരുതര ചികിത്സാ പിഴ ആരോപിച്ചു ബന്ധുക്കൾ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞ വ്യാഴാഴ്ചയാണ് രജിത ആലപ്പുഴ കടപ്പുറം മാതൃ-ശിശു ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിനു ശേഷവും രജിത അബോധാവസ്ഥയിൽ തന്നെ തുടരുകയായിരുന്നു. സിസ്സേറിയനു വേണ്ടി യുവതിക്ക് അനസ്തേഷ്യ നൽകിയിരുന്നു. അബോധാവസ്ഥ തുടർന്നതോടെ ഇവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 4 ദിവസമായി അബോധാവസ്ഥയിൽ തന്നെ തുടരുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിൽ നൽകിയ അനസ്തേഷ്യയിലെ പിഴവാണു മരണകാരണമെന്നു ബന്ധുക്കൾ ആരോപിച്ചു.