എരുമേലി: സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ എരുമേലിയിൽ വവ്വാലുകളുടെ സാന്നിധ്യമുള്ള ഇടങ്ങൾ കണ്ടെത്താൻ പരിശോധന തുടങ്ങി. എരുമേലിയിൽ എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ സെന്റ്.തോമസ് സ്‌കൂൾ ജംക്ഷനിൽ പഴംതീനി വവ്വാലുകളുടെ താവളമാണ്. നൂറുകണക്കിന് വവ്വാലുകളാണ് സ്‌കൂൾ റോഡിന്റെ എതിർവശത്തുള്ള സ്വകാര്യ വയ്ക്തിയുടെ പുരയിടത്തിലെ മരങ്ങളിൽ താമസമാക്കിയിരിക്കുന്നത്. നിപ്പ വൈറസ് ബാധ വീണ്ടും കണ്ടെത്തിയതോടെ സംസ്ഥാനത്തുടനീളം നടത്തപ്പെടുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് എരുമേലിയിൽ വവ്വാലുകളുടെ സാന്നിധ്യമുള്ള ഇടങ്ങൾ കണ്ടെത്താൻ പരിശോധന ആരംഭിച്ചത്. പൊതുജനങ്ങളെ ബോധവത്കരിക്കുന്ന പ്രവർത്തനങ്ങൾക്കും തുടക്കമിട്ടതായി എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ആർ. ഷാജിമോൻ കറുകത്ര പറഞ്ഞു.