കോട്ടയം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് പരാതി നല്‍കിയെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് പറഞ്ഞു. കോട്ടയം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇടപാടുകൾ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ഇന്ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ അന്വേഷണം നടക്കാത്തതു കൊണ്ടാണ് താന്‍ വീണ്ടും പരാതി നല്‍കിയതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു. 15 ദിവസത്തിനുള്ളിൽ ഏജൻസി അന്വേഷണം തുടങ്ങിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ സ്ഥാപനമായ കെ എസ് ഐ ഡി സി ക്ക് ഈ ഇടപാട് വഴി 18 കോടി രൂപയുടെ നഷ്ട്ടം ഉണ്ടായിട്ടുണ്ടെന്നും ഷോൺ കോട്ടയത്ത് പറഞ്ഞു.