കോട്ടയം: കേരളത്തിലെ ആദ്യത്തെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്വന്തമാക്കിയ റോബിൻ മോട്ടോഴ്‌സ് തിങ്കളാഴ്ച മുതൽ സർവ്വീസ് പുനരാരംഭിക്കുന്നു. ഒരു മാസത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ നിയമവഴികളിലൂടെ തന്നെ തന്റെ സാമ്രാജ്യം വിട്ടുകൊടുക്കാതെ സുപ്രീംകോടതിയുടെ ഉത്തരവുമായി സർവീസിനൊരുങ്ങിയിരിക്കുകയാണ് ഉടമ ഗിരീഷ്. അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്വന്തമാക്കി പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവ്വീസ് ആരംഭിച്ച റോബിൻ മോട്ടോഴ്സിന്റെ ബസ്സ് സർവ്വീസ് ആരംഭിച്ചു രണ്ടാം ദിവസം മോട്ടോർ വാഹന വകുപ്പ് അധികൃതർ റാന്നിയിൽ വെച്ച് വെളുപ്പിന് പരിശോധിക്കുകയും സർവ്വീസ് തുടരാൻ സാധിക്കില്ല എന്ന് അറിയിക്കുകയുമായിരുന്നു. ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും നിരവധി മുടന്തൻ ന്യായങ്ങൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ഒരു മാസക്കാലമായി ബസ്സിന്റെ സർവ്വീസ് തടഞ്ഞു വെച്ചിരുന്നത്. എന്നാൽ ഇപ്പോൾ സുപ്രീംകോടതിയുടെ ഉത്തരവുമായി സർവ്വീസ് ആരംഭിക്കുകയാണെന്നു ഉടമ ഈരാറ്റുപേട്ട ഇടമറുക് പാറയിൽ ബേബി ഗിരീഷ് പറഞ്ഞു. കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് എടുത്തിരിക്കുന്നത്. എന്നാൽ ഇത് കേരളത്തിൽ ഓടാൻ സാധിക്കില്ല എന്ന നിലപാടിലാണ് ഗതാഗത വകുപ്പ്. പക്ഷെ സംസ്ഥാനത്ത് കെ എസ് ആർ ടി സി ക്കു വേണ്ടി കേന്ദ്ര സർക്കാരിന്റെ ഗതാഗത നിയമങ്ങളിൽ പൊളിച്ചെഴുത്ത് നടത്തിയിട്ടുണ്ട് എങ്കിലും അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പും ഉദ്യോഗസ്ഥരും എന്ന് ഗിരീഷ് പറഞ്ഞു. ഈ സർവ്വീസ് നടത്തിക്കില്ലെന്നും എന്ത് വില കൊടുത്തും തടയാനുള്ള മാർഗ്ഗങ്ങൾ നോക്കുമെന്നുമാണ് കേരളത്തിലെ ഗതാഗത വകുപ്പിന്റെ നിലപാട് എന്നും ഗിരീഷ് പറഞ്ഞു. കെ എസ് ആർ ടി സി കുത്തകയായി കൊണ്ട് നടക്കുന്ന റൂട്ടുകളിൽ സ്വകാര്യ ബസ്സുകൾ വരുന്നത് തടയാനാണ് ഇത്തരം നിലപാട് ഉദ്യോഗസ്ഥരും വകുപ്പും സ്വീകരിക്കുന്നതെന്ന് ഗിരീഷ് പറഞ്ഞു. പൊതുജനങ്ങൾക്ക് മികച്ച യാത്രാ സംവിധാനം നൽകാൻ ഇത്തരത്തിൽ എത്തുന്ന സ്വകാര്യ ബസ്സുകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ്സുകൾ എത്തുന്നതോടെ ദീർഘദൂര കെ എസ് ആർ ടി സി ബസ്സുകൾ നഷ്ടത്തിലാകുമെന്ന ഭീതിയാണ് വകുപ്പിന്. ടയറിന് കട്ട കുറവ്, വൈപ്പർ ബ്ലേഡ് മോശം, എ ബി എസ് വർക്ക് ആകുന്നില്ല എന്നിങ്ങനെ ഉള്ള കുറച്ചു ന്യായങ്ങൾ നിരത്തിയാണ് മോട്ടോർ വാഹന വകുപ്പ് തന്നെ ഫിറ്റ്നസ് നൽകിയ ബസ്സ് ഒരു മാസം മുൻപ് റാന്നിയിൽ വെച്ച് പരിശോധിച്ചു സർവ്വീസ് നടത്താനാകില്ല എന്ന് അറിയിച്ചത്. തുടർന്ന് ഒരു മാസക്കാലം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ വീണ്ടും സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റോബിൻ മോട്ടോർസ് സർവ്വീസിനൊരുങ്ങുന്നത്. കേരളത്തിൽ നിന്നും ഒരു ഓപ്പറേറ്റർ നിയമം വഴി നേടിയ ഒരു ഇന്റർസ്റ്റേറ്റ് പെർമിറ്റ് എങ്ങനെ എങ്കിലും ഇല്ലായ്മ ചെയ്യുക എന്ന് ഒറ്റ ലക്ഷ്യം മാത്രം ആണ് ഉദ്യോഗസ്ഥർക്കും വകുപ്പിനും ഉള്ളതെന്ന് ഗിരീഷ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 30 മുതലാണ് ബസ് ഓടാൻ തുടങ്ങിയത്. രണ്ടാമത്തെ ദിവസം തന്നെ കെഎസ്ആർടിസിയുടെ പരാതിയിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത് മുതൽ ബസ് കേരളമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് ഗിരീഷിനും റോബിൻ മോട്ടോഴ്സിനും തന്റെ നിയമ പോരാട്ടങ്ങൾക്കും സമൂഹമാധ്യമങ്ങളുടെ ശക്തമായ പിന്തുണയാണ് ലഭിച്ചത്. ബസ് ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുന്നതാണ് അടുത്ത കാലത്ത് നിലവിൽ വന്ന അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ്. ബസ് ഗതാഗത രംഗത്ത് ദേശസാൽക്കരണം എന്ന പേരിൽ യാത്രക്കാരുടെ സൗകര്യങ്ങളുടെ വഴിമുടക്കി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കെ എസ് ആർ ടി സി കുത്തക അതിൽ തട്ടി തെറിക്കുമെന്നും ഗിരീഷ് പറഞ്ഞു. സ്ഥാപിത താൽപ്പര്യക്കാർ നിയമപരമായി അതിനെ തടയാൻ കഴിയില്ലെന്ന് കണ്ടപ്പോൾ മോട്ടോർ വാഹനവകുപ്പിനെ ഉപയോഗിച്ച് ഫിറ്റ്നസിലെ തൊടുകാരണങ്ങൾ ചൂണ്ടിക്കാട്ടി സർവീസ് നിർത്തിച്ചു. ആ തടസങ്ങളെ മറി കടന്ന് റോബിൻ ബസിൻ്റെ പത്തനംതിട്ട -കോയമ്പത്തൂർ സർവീസ് ഒക്ടോബർ 16 ന് പുനരാരംഭിക്കുകയാണെന്നും ഗിരീഷ് പറഞ്ഞു. കേരളത്തിലെ പകൽ നേരങ്ങളിലെ യാത്രകളും മികവുറ്റതാകേണ്ടതുണ്ട്.ചുരങ്ങിയ ചിലവിൽ മികവുറ്റ സൗകര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നതിന് റോബിൻ മോട്ടോർസ് എന്നുമുണ്ടാകും എന്നും ഉടമ ഗിരീഷ് പറഞ്ഞു. പത്തനംതിട്ട-റാന്നി-എരുമേലി-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-പാല-തൊടുപുഴ മൂവാറ്റുപുഴ-അങ്കമാലി-തൃശൂർ ബൈപ്പാസ്-പാലക്കാട് ബൈപ്പാസ്-കോയമ്പത്തൂർ എന്നിങ്ങനെയാണ് സർവ്വീസ്. പത്തനംതിട്ടയിൽ നിന്നും രാവിലെ 5 മണിക്ക് സർവ്വീസ് ആരംഭിച്ചു 12 മണിക്ക് കോയമ്പത്തൂർ എത്തും. തിരികെ 5 മണിക്ക് പുറപ്പെട്ടു 12 നു പത്തനംതിട്ടയിൽ എത്തുംവിധമാണ് സർവ്വീസ്.