കൂട്ടുകാരെയും അദ്ധ്യാപകരെയും തനിച്ചാക്കി അനശ്വര യാത്രയായി, വിങ്ങിപ്പൊട്ടി അന്ത്യ യാത്രാമൊഴിയേകി വിദ്യാലയവും നാടും, നൊമ്പരമായി അനശ്വരയുടെ മരണം.


കോട്ടയം: ഇന്നലെ വരെ ഓടിനടന്നിരുന്ന വിദ്യാലയമുറ്റത്ത് അധ്യാപകരുടെ പ്രിയ വിദ്യാർഥിനിയായിരുന്ന അനശ്വര അവസാനമായി ഒരിക്കൽകൂടിയെത്തി, തന്റെ പ്രിയ കൂട്ടുകാരെയും അധ്യാപകരെയും അവസാനമായി ഒരു നോക്ക് കണ്ടു യാത്ര പറയാൻ ചേതനയറ്റ ശരീരമായി. ഇത്തവണ അനശ്വരയെ കാത്തിരുന്നത് സഹപാഠികളുടെയും കൂട്ടുകാരുടെയും ചിരികളികളായിരുന്നില്ല, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തങ്ങളുടെ പ്രിയ കൂട്ടുകാരിയെ അവർ യാത്രയാക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. സ്കൂളിൽ പോകുന്നതിനായി വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തിൽ വരുമ്പോൾ ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടും വള്ളവും കൂട്ടിയിടിച്ചു അനശ്വര കായലിൽ വീഴുകയായിരുന്നു. കോട്ടയം അയ്മനം കോലടിച്ചിറ വാഴപ്പറമ്പിൽ രതീഷിന്റെയും രേഷ്മയുടെയും മകൾ അനശ്വര(12) ആണു തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന സഹോദരിയെയും അമ്മയെയും നാട്ടുകാർ രക്ഷിച്ചെങ്കിലും അനശ്വരയെ രക്ഷിക്കാനായില്ല. വിദ്യാർത്ഥികളും അധ്യാപകരും മാത്രമായിരുന്നില്ല നാടൊന്നടങ്കമാണ് അനശ്വരയ്ക്ക് അന്ത്യ യാത്രാമൊഴിയേകാനായി സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. വെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അനശ്വര. ഈറനണിഞ്ഞ കണ്ണുകളുമായാണ് സഹപാഠികളും കൂട്ടുകാരും അനശ്വരയെ യാത്രയാക്കിയത്. അധ്യാപകരും നാട്ടുകാരും തങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് റോസാ പുഷ്പങ്ങൾ സമർപ്പിച്ചാണ് യാത്രയാക്കിയത്. അനശ്വരയുടെ വേർപാട് നാടിനും നാട്ടുകാർക്കും വിശ്വസിക്കാനായിട്ടില്ല. അയ്മനം കരിമഠത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനായി മുത്തച്ഛൻ മോഹനനൊപ്പമാണ് വള്ളത്തിൽ അനശ്വര യാത്ര തിരിച്ചത്. വള്ളത്തിൽ അനശ്വരയും സഹോദരി ദിയയും അമ്മ രേഷ്മയും ഉണ്ടായിരുന്നു. ഇരുവരും സ്‌കൂളിലേക്കും അമ്മ രേഷ്മ ജോലി സ്ഥലത്തേക്കും പോകുകയായിരുന്നു. ഇതിനിടെയാണ്  ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ട് ഇവർ സഞ്ചരിച്ചിരുന്ന വള്ളത്തിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വളത്തിലുണ്ടായിരുന്നവർ വെള്ളത്തിൽ വീഴുകയായിരുന്നു. ദിയയെയും അമ്മ രേഷ്മയേയും അപകടം കണ്ടു നീന്തിയെത്തിയ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. അനശ്വര വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. അപകടം കണ്ടു മുത്തശ്ചൻ മോഹനനും ബോട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് അനശ്വരയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. കോലടിച്ചിറ ബോട്ട് ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം എത്തിയ മുഹമ്മ–കണ്ണങ്കര– ചീപ്പുങ്കൽ– മണിയാപറമ്പ് സർവീസ് ബോട്ട് ആണ് വള്ളത്തിൽ ഇടിച്ചത്. അനശ്വരയുടെ വീടിനു സമീപത്തു വെച്ചുതന്നെയാണ് അപകടം ഉണ്ടായത്. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും 5 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് അനശ്വരയുടെ മൃതദേഹം കണ്ടെത്തിയത്.