കോട്ടയം: കോട്ടയത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. കോട്ടയം ആനത്താനം മുണ്ടുപൊയ്കയിൽ മാത്യു കുര്യന്റെ വീട്ടിലെ കിണറാണു ഇടിഞ്ഞു താഴ്ന്നത്. ശനിയാഴ്ച പുലർച്ചെ മാത്യുവിന്റെ വീടിനു സമീപത്തു കൂടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് കിടർ ഇടിഞ്ഞു താഴ്ന്നതായി കണ്ടത്. ഉടൻ തന്നെ ഇവർ മാത്യൂവിനെ വിവരമറിയിക്കുകയായിരുന്നു. കിണർ ഭൂമിനിരപ്പിലും താഴേക്കു പതിച്ചു. ഭൂമിയുടെ നിരപ്പിൽ നിന്നും കിണറിനു മൂന്നരയടിയോളം പൊക്കം ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. കിണർ ഇടിഞ്ഞു താഴ്ന്നതിനൊപ്പം മോട്ടറും പൈപ്പുകളും ഭൂമിക്കടിയിലായി. കഴിഞ്ഞ ദിവസം കിണറിന്റെ വശങ്ങളിൽ ഇടിഞ്ഞതായി കണ്ടെത്തിയിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി തീരുമാനിച്ചതിനിടെയാണ് കിണർ ഇടിഞ്ഞു താഴ്ന്നത്. കിണറ്റിലെ വെള്ളത്തിനു കലകൾ ഉണ്ടായിരുന്നതായും വീട്ടുകാർ പറഞ്ഞു. ജിയോളജി വകുപ്പ് സ്ഥലം സന്ദർശിച്ചു. ഭൗമാന്തർഭാഗത്തെ മർദ്ദവും കനത്ത മഴയും ആകാം കാരണമെന്ന് ജിയോളജി വകുപ്പ് അധികൃതർ പറഞ്ഞു.