കോട്ടയം: അയർക്കുന്നം ആറുമാനൂർ ഗവൺമെന്റ് യു.പി. സ്‌കൂളിലെ വർണ ക്കൂടാരം മാതൃക പ്രീ പ്രൈമറി സ്്കൂൾ തുറന്നു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു. അനുഭവവേദ്യമായി അറിവ് ആർജ്ജിക്കാനുള്ള ആധുനിക സംവിധാനങ്ങളാണ് വർണക്കൂടാരത്തിൽ ഒരുക്കിയിട്ടുള്ളതെന്നും വിദ്യാർഥികളുടെ ശാസ്ത്രബോധത്തെയും സർഗശേഷിയെയും വളർത്താൻ ഇത് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ ചടങ്ങിൽ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് വർണക്കൂടാരത്തിന്റെ ശില്പികളെ ആദരിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ വി. അരവിന്ദ്, പ്രീതി ബിജു, ചന്ദ്രിക സോമൻ, ഷാന്തി പ്രഭാത, പി. വി. രാജശ്രീ, എ.ഇ.ഒ. ശ്രീജ പി. ഗോപാൽ, ഏറ്റുമാനൂർ ബി.പി.സി. ആശാ ജോർജ്ജ്, പി.ടി.എ. പ്രസിഡന്റ് അനീഷ് ബി. കുമാർ, എസ്.എം.സി. ചെയർമാൻ പി.ജെ. ജോബിൻ, മദർ പി.ടി.എ. പ്രസിഡന്റ് ആതിര ആർ. നായർ,സ്‌കൂൾ പ്രധാനാധ്യാപിക ജി. സജിനി മോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണക്കൂടാരം മാതൃകാ പ്രീ-പ്രൈമറി സ്‌കൂൾ ഒരുക്കിയത്. കുഞ്ഞുങ്ങളുടെ ഭാഷാശേഷി വളർത്താൻ സഹായിക്കുന്ന ഭാഷാ വികാസ ഇടം, ലഘു ശാസ്ത്രപരീക്ഷണങ്ങൾക്കും നിരീക്ഷണത്തിനും അവസരം നൽകുന്ന ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്ന ഗണിതയിടം തുടങ്ങി കുട്ടിയുടെ സർവതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവർത്തന ഇടങ്ങളാണ് (ആക്ടിവിറ്റി ഏരിയകൾ) സ്‌കൂളിൽ സജ്ജമാക്കിയിരിക്കുന്നത്.