പാമ്പാടിയിൽ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഒരുങ്ങി; ഉദ്ഘാടനം 10ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.


പാമ്പാടി: രാജ്യത്തെ പ്രമുഖ വ്യവസായസ്ഥാപനങ്ങളുമായി ചേർന്ന് ദേശീയ-അന്തർദേശീയ നിലവാരമുള്ള കോഴ്‌സുകളിൽ യുവതയ്ക്ക് തൊഴിൽ പരിശീലനം ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ പാമ്പാടിയിൽ നിർമിച്ച അസാപ് (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഒക്‌ടോബർ 10ന് നാടിനു സമർപ്പിക്കും. ഉച്ചയ്ക്ക് 12ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും. അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ., ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. 14.68 കോടി രൂപ ചെലവിലാണ് പാർക്ക് യാഥാർഥ്യമാക്കിയത്. 28,193.13 ചതുരശ്രയടി വിസ്തീർണമുള്ള മൂന്നുനില മന്ദിരം അന്താരാഷ്ട്ര നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്.

പരിശീലനം നേടാം എ.ആർ. വി.ആർ. സാങ്കേതികവിദ്യയിലൂടെ:

അത്യാധുനിക ഓഗ്‌മെന്റ്, വെർച്വൽ റിയാലിറ്റി (എ.ആർ./വി.ആർ.) സാങ്കേതികവിദ്യ അധിഷ്ഠിതമാക്കി നൂതനമായ പരിശീലന പരിപാടികൾക്കുള്ള സംവിധാനം സ്‌കിൽ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ത്രിമാനരൂപത്തിൽ അനുഭവവേദ്യമായ പഠനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യകളാണ് പരിശീലനത്തിന് ഉപയോഗിക്കുക. അത്യാധുനി ക്ലാസ് മുറികളും പ്രത്യേക സെർവർ റൂമോടുകൂടിയ ഐ.ടി. ലാബ് സൗകര്യവുമുണ്ട്. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ഇവ പ്രയോജനപ്പെടുത്താം. പ്രോഗ്രാമിംഗിലും ഡിസൈനിലും സമഗ്രപരിശീലനപരിപാടി സംഘടിപ്പിക്കും. കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് തൊഴിൽസജ്ജമാക്കുന്ന പ്രോഗ്രാമുകളും അസാപ്പിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ, ലാബ് കെമിസ്റ്റ് കോഴ്സുകളും നടത്തും. കേന്ദ്ര സഹായത്തോടെ ഗ്രാഫിക് ഡിസൈനർ കോഴ്സ് സൗജന്യമായി സംഘടിപ്പിക്കും. നൂതന തൊഴിൽമേഖലകളിലേക്ക് എത്താൻ അഭ്യസ്തവിദ്യരും തൊഴിൽപരിജ്ഞാനവുമുള്ള യുവതയെ പ്രാപ്തരാക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപിന്റെ ലക്ഷ്യം. സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തൊഴിൽ പരിശീലന കേന്ദ്രങ്ങളായ അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ സ്ഥാപിക്കുന്നത്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്ത് നിർമിക്കുന്ന 16 സ്‌കിൽ പാർക്കുകളിലൊന്നാണ് പാമ്പാടിയിലേത്.

സ്‌കിൽ പാർക്ക് ഭിന്നശേഷി സൗഹൃദം:

ഭിന്നശേഷി സൗഹൃദമായാണ് സ്‌കിൽ പാർക്കിന്റെ നിർമാണം. ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്‌ലറ്റ്, ലിഫ്റ്റ്, കാഴ്ച പരിമിതിയുള്ളവർക്കായി ടൈലുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് ലോക്കർ സൗകര്യമുള്ള വസ്ത്രംമാറാനുള്ള മുറികൾ, കോൺഫറൻസ് ഹാൾ, അഞ്ചു പരിശീലന ഹാളുകൾ, ഏഴു ക്ലാസ് മുറികൾ, ലൈബ്രറി, ഓഫീസ് എന്നിവയാണ് മന്ദിരത്തിലുള്ളത്. 60,000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണിയും മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.