ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കം.


കോട്ടയം: ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം സി.എം.എസ്. കോളജിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. ഈ സൗകര്യങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തണം. നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ഓപ്പൺ ജിംനേഷ്യങ്ങൾ  ആരംഭിച്ചിട്ടുണ്ടെന്നും ഇവ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. ചടങ്ങിൽ സി.എം.എസ്. കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വോ അധ്യക്ഷത വഹിച്ചു. ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. മിനി, ജില്ലാ ഹോമിയോ ആശുപത്രി ആർ.എം.ഒ. ഉമാ ദേവി, ജി.എച്ച്.ഡി. കടുവാക്കുളം മെഡിക്കൽ ഓഫീസർ ജെ. ജോബി,  ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ഇ.എ സൗദ, സി.എം.എസ്. കോളേജ് വിമൻസ് സ്റ്റഡി സെന്റർ ഡയറക്ടർ ഡോ. സുമി മേരി തോമസ്, ഷീ കാമ്പയിൻ ജില്ലാ കൺവീനർ ഡോ. ജിൻസി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. 'ഷീ കാമ്പയിൻ' എന്ന പേരിൽ വനിതകളെ ലക്ഷ്യമിട്ട് തൈറോയ്ഡ്, പ്രീ ഹൈപ്പർ ടെൻഷൻ, പ്രീ ഡയബറ്റിക്, മെൻസ്ട്രൽ ഹെൽത്ത് തുടങ്ങിയവയെ പറ്റിയുള്ള ബോധവത്ക്കരണ ക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്നു.