അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ബാലിക ദിനാചരണം സഹായിക്കും: കളക്ടർ വി. വിഗ്നേശ്വരി.


കോട്ടയം: പെൺകുട്ടികൾക്കിടയിൽ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ബാലിക ദിനാചരണം സഹായിക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേനേശ്വരി പറഞ്ഞു. വനിത-ശിശുവികസന വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ബാലിക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് സ്‌കൂളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കളക്ടർ. ഇത്തരം അവകാശങ്ങളെക്കുറിച്ച് പെൺകുട്ടികളെ പോലെ തന്നെ ആൺകുട്ടികളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ബാല്യകാലമാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമെന്നും അത് ആസ്വദിച്ച് ജീവിക്കാൻ ഓരോ കുട്ടിക്കും കഴിയട്ടെയെന്നും കളക്ടർ ആശംസിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. സ്‌കൂളിലെ പുതിയ ടേബിൾ ടെന്നീസ് കോർട്ടിന്റെ ഉദ്ഘാടനം വിദ്യാർഥികളുടെ കൂടെ ടേബിൾ ടെന്നീസ് കളിച്ച് കളക്ടർ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത-ശിശുവികസന ഓഫീസർ ജെബിൻ ലോലിത സെയ്ൻ അധ്യക്ഷയായി. ജില്ലാ ശിശു സംരക്ഷണ ഓഫീസർ എം.ആർ. ബിന്ദു, മിഷൻ ശക്തി ജില്ലാ കോ-ഓർഡിനേറ്റർ പ്രിൻസി സൂസൻ വർഗീസ്, ജില്ലാ വനിത-ശിശുവികസന ഓഫീസ് സീനിയർ സൂപ്രണ്ട് എസ്.ജി. അഞ്ജു, സ്‌കൂൾ മാനേജർ സിസ്റ്റർ റോസ് ലീമാ, പ്രധാനധ്യാപിക സുമിനമോൾ കെ. ജോൺ എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പാമ്പാടി ഐ.സി.ഡി.എസ് സൈക്കോ സോഷ്യൽ കൗൺസിലർ റാണി പി. ഏലിയാസ് ബോധവത്ക്കരണ ക്ലാസെടുത്തു.