ഭരണങ്ങാനം: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി മാലിന്യം തള്ളി വരുന്ന സ്ഥിതി തുടർന്ന് പോരുന്ന സാഹചര്യത്തിൽ അതിനെതിരെ താക്കീതുമായി പാതയോര ശുചീകരണ യജ്ഞം നടത്തി ഭരണങ്ങാനം പഞ്ചായത്ത്. മാലിന്യം വലിച്ചെറിയുന്നവർക്ക് താക്കീതിന്റെ സന്ദേശം നൽകുന്നതിനായി വാർഡ് മെമ്പർമാരുടെയും ചൂണ്ടച്ചേരി സെന്റ്. ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് എൻ. എസ്. എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെയാണ് പാതയോരങ്ങൾ ശുചീകരിച്ചത്. വലിച്ചെറിയൽ മുക്ത ഭരണങ്ങാനം ലക്ഷ്യമിട്ട് നടത്തിയ ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് ലിസിയമ്മ സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ ,ഹരിത കർമ്മ സേന അംഗങ്ങൾ, കോളേജ് അധികൃതർ, എൽ. എസ്. ജി. ഡി, നവകേരളം, എസ്. ഇ. യു. എഫ് പ്രതിനിധികൾ എന്നിവരെല്ലാവരുടെയും സജീവ സാന്നിധ്യത്തിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടന്നു. മാലിന്യ സംസ്കരണത്തെ സംബന്ധിച്ച കൃത്യമായ അവബോധം എല്ലാവരിലും വളർത്തുന്നതിന് ഫ്ലാഗ് ഓഫീനൊപ്പം പ്രതിജ്ഞയും ചൊല്ലി. പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും വഴിയരുകിൽ വലിച്ചെറിഞ്ഞിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളുമെല്ലാം എൻ. എസ്. എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ നീക്കം ചെയ്തു. മാലിന്യം വഴിയോരത്ത് ഉപേക്ഷിച്ചതിന് പല വ്യക്തികൾക്കും പഞ്ചായത്തിൽ നിന്ന് താക്കീതും പിഴയും നിലവിൽ നൽകിയിട്ടുള്ളതാണ്. അതിനു പുറമെ എല്ലാവർക്കും താക്കീതിന്റെ ഒരു സന്ദേശം നൽകുന്നതിനായാണ് ഈ ക്യാമ്പയിൻ സങ്കടിപ്പിച്ചത്.