കോട്ടയം: പല നിറത്തിലും രുചിയിലും മണത്തിലുമായി ഒന്‍പത് തരം ബിരിയാണികള്‍. രുചിക്ക് പുറമെ വിളമ്പുന്ന രീതിയിലുള്ള പുതുമകള്‍. എല്ലാം ഒന്നിനൊന്ന് മെച്ചം. നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി നടത്തുന്ന ഭക്ഷ്യമേളയുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കുമാരനെല്ലൂരിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച പാചക മത്സരം വ്യത്യസ്ത പുലര്‍ത്തി. ബിരിയാണി, റൈത്ത, സേമിയപായസം എന്നിവയായിരുന്നു മത്സര ഇനങ്ങള്‍. ജില്ലയിലെ ഒന്‍പത് ബ്ലോക്കുകളില്‍ നിന്നുള്ള കുടുംബശ്രീ കഫെ- കാറ്ററിംഗ് യൂണിറ്റിലെ വനിതകളാണ് മത്സരത്തില്‍ പങ്കെടുത്തത്. എലിക്കുളം സി.ഡി.എസില്‍ നിന്നുള്ള സ്ലൈസ് ഓഫ് സ്‌പൈസസ് യൂണിറ്റ് ഒന്നാം സ്ഥാനവും പാലാ സിഡിഎസില്‍ നിന്നുള്ള എയ്ഞ്ചല്‍ യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 2500 രൂപയുമാണ്. പാചക മേളയോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു വിജയികളായവര്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ജോബി ജോണ്‍, കോട്ടയം നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നളിനി ബാലന്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ബൈജു വിജയന്‍, കുടുംബശ്രീ ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍ രാജീവ് എന്നിവര്‍ പങ്കെടുത്തു. സ്വാദ് ഫുഡ്‌സ് കുറിച്ചി, ബേക്ക് ഹൗസ് തലയോലപ്പറമ്പ്, എ- വണ്‍ കഫെ മേലുകാവ്, അന്ന യൂണിറ്റ് അതിരമ്പുഴ, ക്യുക്കി പ്രൊഡക്ട്‌സ് മാഞ്ഞൂര്‍, ചൈതന്യ യൂണിറ്റ് ചങ്ങനാശ്ശേരി, ടേസ്റ്റി കിച്ചണ്‍ കാഞ്ഞിരപ്പള്ളി എന്നിവയാണ് മത്സരത്തില്‍ പങ്കെടുത്ത മറ്റ് സി.ഡി.എസ് യൂണിറ്റുകള്‍. മത്സരത്തില്‍ കുമാരനല്ലൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകരാണ് വിധികര്‍ത്താക്കളായത്.