കോട്ടയം: കോട്ടയം അമലഗിരി ബിഷപ്പ് കുര്യാളശ്ശേരി കോളേജിൽ റൂസ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികൾ അക്കാദമിക് സമൂഹത്തിനു സമർപ്പിച്ചു. പദ്ധതികളുടെ ഉത്‌ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നിർവ്വഹിച്ചു. നമ്മുടെ കലാലയങ്ങളിൽ ഭൗതികസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികൾ ഉദ്‌ഘാടനം നിർവ്വഹിച്ചു വരികയാണ് എന്ന് മന്ത്രി പറഞ്ഞു. അനുവദിച്ച രണ്ടുകോടി രൂപ റൂസ ഫണ്ട് ഉപയുക്തമാക്കി 84 ലക്ഷം രൂപ ചെലവിൽ പണിത പുതിയ അക്കാദമിക് ബ്ലോക്ക്, 47 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഗസ്റ്റ്റൂം കെമിസ്ട്രി ലാബ്, മെയിന്‍ അക്കാദമിക് ബ്ലോക്കിന്‍റെ വരാന്തകള്‍ ടൈല്‍ പാകിയത്, മഴവെള്ളസംഭരണി എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നിര്‍മ്മാണ - നവീകരണ ഇനങ്ങളില്‍ ടെന്‍റര്‍ ബാലന്‍സായി കിട്ടിയ 15 ലക്ഷം രൂപയിൽ ഒരു ടോയ്ലറ്റ് ബ്ലോക്ക് നിര്‍മ്മാണത്തിന് അനുമതി നൽകിയതിന്‍റെ പ്രരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്.