എം.പി. ഫണ്ടിനായി ഇ സാക്ഷി പോർട്ടൽ; കോട്ടയത്തിനു നേട്ടം.


കോട്ടയം: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിനായി കേന്ദ്രസർക്കാർ തയാറാക്കിയ ഇ സാക്ഷി പോർട്ടലിലൂടെ രാജ്യത്ത് ആദ്യമായി കരാറുകാർക്ക് തുക ഓൺലൈനായി മാറിനൽകി കോട്ടയം. കോട്ടയം ലോക്‌സഭ മണ്ഡലത്തിലാണ് ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ മേൽ നോട്ടത്തിൽ കരാറുകാർക്കുള്ള തുക നൽകൽ ഉൾപ്പെടെ ഓൺലൈനായി നടത്തിയത്. നേട്ടത്തിന് പിന്നിൽ പ്രവൃത്തിച്ച ഉദ്യോഗസ്ഥരെ എം.പി. ഫണ്ട് അവലോകന യോഗത്തിൽ തോമസ് ചാഴികാടൻ എം.പി. അഭിനന്ദിച്ചു. കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ മുമ്പ് ലഭ്യമായിരുന്ന ഏഴുകോടി രൂപ പൂർണമായും ചെലവഴിച്ചതിനെ തുടർന്ന് കേന്ദ്രം നൽകിയ 10 കോടി രൂപയാണ് പോർട്ടൽ മുഖേന വിനിയോഗിക്കുന്നത്. 2019-20 മുതൽ 2022-23 വരെയുള്ള കാലയളവിൽ ഭരണാനുമതി നൽകിയ 1293.17 ലക്ഷം രൂപയുടെ 146 പദ്ധതികളിൽ 61 പദ്ധതികൾക്കായി 720.27 ലക്ഷം രൂപ ചെലവഴിച്ചു. 2023-24 ൽ എം.പി നിർദ്ദേശിച്ച പ്രവർത്തികളിൽ തുടർനടപടി സ്വീകരിച്ചുവരുന്നു. പി.എച്ച്.സിയിലേക്ക് ആംബുലൻസുകൾ, സർക്കാർ / എയ്ഡഡ് സ്‌കൂളുകൾക്കും കോളജുകൾക്കും ബസുകൾ, ലാപ്‌ടോപ്പുകൾ, ആശുപത്രികൾക്ക് കെട്ടിട നിർമാണം, ഗ്രാമീണ റോഡുകൾ, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾ എംപി ലാഡ്‌സ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ലാ കളക്ടർ  വി. വിഗ്‌നേശ്വരി, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, കോട്ടയം, എറണാകുളം ജില്ലകളിലെ നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.