ആശുപത്രികളുടെ ആരോഗ്യം പരിശോധിച്ച് ആരോഗ്യമന്ത്രി, ജില്ലയിലെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികള്‍ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്.


കോട്ടയം: ജില്ലയിലെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന 'ആര്‍ദ്രം ആരോഗ്യം'പരിപാടിയുടെ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം. എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ട്. ആശുപത്രിയില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി, പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കുകയാണ് ലക്ഷ്യം. ആദ്യമായാണ് ഒരു മന്ത്രി ജില്ലയിലെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും സന്ദര്‍ശിക്കുന്നത്. ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജീവനക്കാര്‍, രോഗികള്‍ എന്നിവരോട് മന്ത്രി വിവരങ്ങളും അഭിപ്രായവും ആരാഞ്ഞു. ആശുപത്രികളിലെ വാര്‍ഡുകള്‍, ലാബുകള്‍, നിര്‍മാണം നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. രാവിലെ 11ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലായിരുന്നു ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, പാമ്പാടി താലൂക്ക് ആശുപത്രി, ചങ്ങനാശേരി ജനറല്‍ ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി എന്നിവിടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. ഇന്നലെ വൈക്കം താലൂക്ക് ആശുപത്രി മന്ത്രി സന്ദര്‍ശിച്ചിരുന്നു. നിലവില്‍ നല്‍കുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവ സന്ദര്‍ശനത്തിന്റെ ഭാഗമായി അവലോകനം ചെയ്തു. ഒക്ടോബര്‍ അവസാനത്തോടെ ആശുപത്രികളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലാണ് മന്ത്രി ആദ്യമെത്തിയത്. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയ്ക്ക് ഒപ്പമായിരുന്നു സന്ദര്‍ശനം. താലൂക്ക് ആശുപത്രിയില്‍    പുതുതായി നിര്‍മിക്കുന്ന ബ്ലോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി.  ആശുപത്രിയിലെ വാര്‍ഡുകളിലും സന്ദര്‍ശനം നടത്തിയ മന്ത്രി രോഗികളുടെ രോഗ വിവരങ്ങളും ചികിത്സാ വിവരങ്ങളും ചോദിച്ചറിഞ്ഞു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കീല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പാലാ ജനറല്‍ ആശുപത്രിയില്‍ മന്ത്രി സന്ദര്‍ശനം നടത്തി. മാണി സി. കാപ്പന്‍ എം.എല്‍.എ, പാലാ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം ആരംഭിക്കാനിരിക്കുന്ന പുതിയ കൊബാള്‍ട്ട് യൂണിറ്റിന്റെ വിവരങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. 3.4 കോടി ചെലവിട്ടാണ് കൊബാള്‍ട്ട് യൂണിറ്റിനായി കെട്ടിടം നിര്‍മിക്കുക. മൂന്ന് കോടി രൂപയാണ് യൂണിറ്റിലേക്കുള്ള യന്ത്ര സാമഗ്രികള്‍ക്കായി ചെലവിടുക. ഇതില്‍ 1.68 കോടി നഗരസഭയും 1.32 കോടി രൂപ ജില്ലാ പഞ്ചായത്തുമാണ് ചെലവിടുക. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സാവിയോ കാവുകാട്ട്, ഷാജു വി. തുരുത്തന്‍, ബിന്ദു മനു, മായാ പ്രദീപ്,  കൗണ്‍സിലര്‍മാര്‍,  ആശുപത്രി സൂപ്രണ്ട് ഡോ എന്‍.ആര്‍. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു. ചീഫ് വിപ്പ് ഡോ എന്‍. ജയരാജിനൊപ്പമാണ് മന്ത്രി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചത്. ആശുപത്രിയിലെ പുതിയ മൂന്നു ശസ്ത്രക്രിയ വിഭാഗങ്ങളുടെ നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 1.75 കോടി രൂപ ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പറേഷന്‍ തീയറ്റര്‍ നിര്‍മിക്കുന്നത്. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം. ജോണ്‍, ലതാ ഷാജന്‍, ആശുപത്രി സൂപ്രണ്ട് ഡോ. നിഷാ മൊയ്തീന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിലും മന്ത്രി സന്ദര്‍ശനം നടത്തി.  ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2.30 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന പുതിയ ട്രോമാ കെയര്‍ യൂണിറ്റിന്റെ  പുരോഗതി മന്ത്രി വിലയിരുത്തി. ആശുപത്രിയിലെ ഡയാലിസിസ് വിഭാഗവും സന്ദര്‍ശിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, വൈസ് പ്രസിഡന്റ് പി. ഹരികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി.എം. മാത്യു, ബ്ലോക്ക് അംഗം പ്രേമ ബിജു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സന്ധ്യ രാജേഷ്, സാബു പാത്തിക്കന്‍, മഹാത്മാ ഗാന്ധി സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം അഡ്വ. റെജി സക്കറിയ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും മന്ത്രി സന്ദര്‍ശനം നടത്തി. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയിലൂടെ 26 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ സാങ്കേതികാനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രി വിലയിരുത്തി. വാര്‍ഡിലെത്തിയ മന്ത്രി രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ചങ്ങനാശേരി നഗരസഭാധ്യക്ഷ ബീന ജോബി, വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കോട്ടയം ജനറല്‍ ആശുപത്രിയി മന്ത്രി സന്ദര്‍ശിച്ചു. കിഫ്ബിയുടെ സഹായത്തോടെ 129.89 കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടി സ്പെഷാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണ നടപടികള്‍ മന്ത്രി വിലയിരുത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.