ഇസ്രായേൽ-ഹമാസ് ആക്രമണം: യുദ്ധ മുനമ്പിൽ ഭീതിയോടെ കോട്ടയം സ്വദേശികളുൾപ്പടെയുള്ള മലയാളികൾ, ശക്തമായ മിസൈൽ ആക്രമണം മലയാളികളേറെയുള്ള ജെറുസേലം-ടെൽ അവീവ് മേഖ


കോട്ടയം: ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ ശക്തമായതോടെ യുദ്ധ മുനമ്പിൽ ഭീതിയോടെയാണ് ഇസ്രയേലിലുള്ള കോട്ടയം സ്വദേശികളുൾപ്പടെയുള്ള മലയാളികൾ. ശനിയാഴ്ചയാണ് ഗാസാ അതിർത്തി തകർത്ത ഹമാസിന്റെ സേന ഇസ്രായേലിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തിയത്. ഇസ്രായേൽ-ഹമാസ് ആക്രമണ പ്രത്യാക്രമണങ്ങളിൽ 200 പേർ മരിച്ചതായാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1100 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹമാസിനുനേരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 232 പേരും മരിച്ചു. 1790 പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടൽ ശക്തമായതോടെ ബങ്കറുകളിൽ അഭയം തേടിയിരിക്കുകയാണ് മലയാളികൾ. മലയാളികളേറെയുള്ള ജെറുസേലം-ടെൽ അവീവ് മേഖലകളിൽ മിസൈൽ ആക്രമണം ശക്തമാണ്. കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. ജില്ലയിൽ നിന്നുള്ളവർ ആരോഗ്യ മേഖലയിലും മറ്റു മേഖലകളിലും ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. 18,000 ഇന്ത്യൻ പൗരന്മാർ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. എല്ലാവരും ജാഗ്രതയോടും സുരക്ഷിതമായും ഇരിക്കാൻ ഇസ്രായേൽ ഗവണ്മെന്റ് നിർദേശിച്ചിട്ടുണ്ട്. നിരവധി മലയാളികളാണ് ഇസ്രയേലില്‍ വിവിധ ഇടങ്ങളിലെ ബങ്കറുകളില്‍ കഴിയുന്നത്. ഇന്ത്യൻ എംബസ്സി സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇസ്രായേലിൽ ഇന്ത്യക്കാർ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല എന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിതസ്ഥാനത്ത് തുടരണമെന്നും പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ജാഗ്രത തുടരുന്നതിനൊപ്പം അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.