കോട്ടയം: ഇസ്രയേലും ഹമാസും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങളിൽ ഭീതിയോടെ കോട്ടയം സ്വദേശിനികളുൾപ്പടെയുള്ള മലയാളി നേഴ്‌സുമാർ. കോട്ടയം സ്വദേശിനികളുൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നിരവധിപ്പേരാണ് ഇസ്രായേലിൽ ജോലി ചെയ്യുന്നത്. ഇപ്പോൾ വരെ സുരക്ഷിതയാണെന്നും എന്നാൽ നാളെ എന്താകും അവസ്ഥയെന്ന് അറിയില്ലെന്നും കോട്ടയം സ്വദേശിനിയായ നീതു പറയുന്നു. ആക്രമണം ശക്തമായതോടെ വീടുകൾ അടച്ച് മുറിയിൽ തുടരുക എന്നതാണ് ഇസ്രായേൽ സേനയുടെ അറിയിപ്പ് കിട്ടിയിട്ടുള്ളത്. ആരും തന്നെ പുറത്തിറങ്ങുന്നില്ല. ഇപ്പോൾ ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും ആക്രമണം നാളുകൾ നീണ്ടാൽ എന്താകും അവസ്ഥയെന്നറിയില്ല എന്നും നീതു പറയുന്നു. പകലും രാത്രിയും കേൾക്കുന്നത് അലാറങ്ങളും മിസൈൽ വെടിയൊച്ചകളുമാണ്. അലാറം മുഴങ്ങുന്ന സമയത്ത് എല്ലാവരും താമസിക്കുന്ന സ്ഥലത്തെ ബങ്കറുകളിൽ ഒളിക്കുകയാണ്. ഏത് സമയവും ഉണ്ടായേക്കാവുന്ന അപകടം മുന്നിൽക്കണ്ട് കോട്ടയം സ്വദേശിനികളുൾപ്പടെയുള്ള മലയാളി നേഴ്‌സുമാർ ഇവിടെ കഴിയുന്നതെന്നും അവർ പറഞ്ഞു. 72 മണിക്കൂർ നേരത്തേക്കുള്ള ആവശ്യ വസ്തുക്കൾ കരുതിവെക്കാൻ ഇസ്രായേലിന്റെ നിർദേശം മതിയായ ഭക്ഷണം, വെള്ളം, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫ്ലാഷ് ലൈറ്റുകൾ, അത്യാവശ്യ മരുന്നുകൾ എന്നിവ കരുതിവെയ്ക്കാനാണ് നിർദ്ദേശം.