കോട്ടയം: ഇസ്രായേൽ-ഹമാസ് പോരാട്ടം ശക്തമാകുന്നതോടെ ഭീതിയിലാണ് കോട്ടയം സ്വദേശികളുൾപ്പടെയുള്ള മലയാളികൾ. കോട്ടയം സ്വദേശികളുൾപ്പടെ മലയാളികൾ ഏറ്റവും കൂടുതലുള്ള ജെറുസലേം-ടെൽ അവീവ് മേഖലകളിൽ ശക്തമായ റോക്കറ്റ് ആക്രമണമാണ് ഇന്നും ഉണ്ടായത്. ഭീതിയോടെയാണ് തങ്ങൾ കഴിയുന്നതെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവണമെന്നും ഇതൊരു ജീവൻ മരണ പോരാട്ടം ആണെന്നും ഇസ്രയേലിലുള്ള കോട്ടയം സ്വദേശികൾ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപ്പേരാണ് ഇസ്രയേലിലുള്ളത്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ് കൂടുതലും. ആശുപത്രികളിലും ഹോം കെയർ ഗിവർമാരുമായാണ് കൂടുതൽ പേര് ജോലി ചെയ്യുന്നത്. മലയാളികൾ സുരക്ഷിതരാണെന്ന് പറയപ്പെടുമ്പോഴും എപ്പോൾ വേണമെങ്കിലും ആക്രമണം ഉണ്ടായേക്കാം എന്ന ഭീതിയിലാണ് കഴിയുന്നതെന്നും ഇവർ പറയുന്നു. വീടുകളിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിർദ്ദേശം ഇസ്രായേൽ സേന നൽകിയിട്ടുണ്ട്. ഇസ്രായേൽ പൗരന്മാർക്ക് സേന സുരക്ഷയൊരുക്കുന്നതു പോലെ തന്നെയാണ് മറ്റു രാജ്യത്തു നിന്നും എത്തിയവർക്കും ഇസ്രായേൽ സേന സുരക്ഷയൊരുക്കുന്നത്. റോക്കറ്റുകളിൽനിന്നു രക്ഷനേടാനുള്ള ആകാശകവചങ്ങളും ബോംബ് ഷെൽട്ടറുകളും ഇസ്രയേലിലുണ്ട്. മിസൈലുകളും റോക്കറ്റുകളിൽ നിന്നും രക്ഷനേടാൻ ബങ്കറുകളിലാണ് അഭയം തേടുന്നത്. ജെറുസലേം-ടെൽ അവീവ് മേഖലകളിലുള്ളവർ വീട്ടുകാരുമായും ബന്ധുക്കളുമായും സംസാരിക്കുന്നുണ്ടെങ്കിലും ഇസ്രയേലിന്റെ മറ്റു മേഖലകളിലുള്ള മലയാളികളും കോട്ടയം സ്വദേശികളും ഉൾപ്പടെയുള്ള സുഹൃത്തുക്കളുമായി ഇടക്ക് മാത്രമാണ് ബന്ധപ്പെടാൻ സാധിക്കുന്നതെന്നും കോട്ടയം സ്വദേശികൾ പറഞ്ഞു. ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ തുടങ്ങിയ യുദ്ധം ഇപ്പോൾ രണ്ടു ദിവസം പിന്നിട്ടിരിക്കുകയാണ്.