വയോജനസംരക്ഷണ പദ്ധതികൾക്ക് മുൻ‌തൂക്കം നൽകണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.


കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വയോജനങ്ങളുടെ സംരക്ഷണത്തിനു മുൻ‌തൂക്കം നൽകുന്ന പദ്ധതികൾ ഏറ്റെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. ജില്ലാ സാമൂഹികനീതി ഓഫീസിന്റെയും സാമൂഹികസുരക്ഷാ മിഷന്റെയും കോട്ടയം-പാലാ മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച ദേശീയ വയോജനദിനാചരണം  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. വയോജനങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മാറുന്ന സാമൂഹിക സാഹചര്യങ്ങളിൽ വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു തദ്ദേശസ്ഥാപനങ്ങൾ, വയോജന ക്ലബുകൾ, സമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിക്കണം.  വയോജനങ്ങൾക്ക് വേണ്ടിയുള്ള വിവിധ സർക്കാർ പദ്ധതികൾ യഥാർത്ഥ ഗുണഭോക്താകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. പാലാ ചെത്തിമറ്റം ദൈവദാൻ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു.  2022ലെ കേരള സംഗീത - നാടക അക്കാദമി ഗുരുപൂജ പുരസ്‌കാര ജേതാവും പ്രശസ്ത നാടക പ്രവർത്തകനുമായ പൊൻകുന്നം സെയ്ദ്, 2021ലെ കേരള സംഗീത - നാടക അക്കാദമി ഗുരുപൂജ പുരസ്‌കാര ജേതാവും ചിത്രകല അധ്യാപകനും ചമയകലാകാരനുമായ വി.എ. സുകുമാരൻ നായർ ( ഇടമറ്റം സുകു) എന്നിവരെയും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ മുതിർന്ന പൗരന്മാരെയും ചടങ്ങിൽ ആദരിച്ചു. പാലാ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ബിനു, സംസ്ഥാന വയോജന കൗൺസിൽ അംഗവും എസ്.സി.എഫ്.ഡബ്ലിയു.എ ജില്ലാ സെക്രട്ടറിയുമായ തോമസ് പോത്തൻ, പാലാ സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് പ്രൊവിൻഷ്യൽ  സുപ്പീരിയര്‍ റവ. ഡോ. കാർമൽ ജിയോ എസ്.എം.എസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ വി. എ. ഷംനാദ്, സാമൂഹ്യ സുരക്ഷാമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ജോജി ജോസഫ്, സാമൂഹികനീതി ഓഫീസ് സീനിയർ സൂപ്രണ്ട് പി. എൻ. പ്രമോദ് കുമാർ, ഓർഫനേജ് കൗൺസിലർ പി. എം. ജോസഫ്, കോട്ടയം മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ്മാരായ പി.എച്ച്. ചിത്ര, സ്റ്റെഫി മരിയ ജോസ് എന്നിവർ പങ്കെടുത്തു.  പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.