കോട്ടയം ജില്ലാ ഖാദി ഗ്രാമവ്യവസായ വകുപ്പ് ഓഫീസിൽ ഖാദി കുടിശികനിവാരണ അദാലത്ത് നടത്തി.


കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിൽ നിന്ന് പാറ്റേൺ സി.ബി.സി. പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശിക വരുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കടാശ്വാസം നൽകുന്നതിന് കുടിശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്, ജില്ലാ ഖാദി ഗ്രാമവ്യവസായ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ കോട്ടയം, ഇടുക്കി ജില്ലകൾക്കായാണ് അദാലത്ത് നടത്തിയത്. കോട്ടയം ജില്ലാ ഖാദി ഗ്രാമവ്യവസായ വകുപ്പ് ഓഫീസിൽ ഖാദി ബോർഡംഗം കെ.എസ്. രമേഷ് ബാബു അദാലത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ജിബി ജോൺ അധ്യക്ഷത വഹിച്ചു. കോട്ടയത്ത് നിന്ന് 14 പേരും ഇടുക്കിയിൽ നിന്ന് ഏഴുപേരും അദാലത്തിൽ പങ്കെടുത്തു. കോട്ടയത്ത് നിന്നു വായ്പ ഇനത്തിൽ കുടിശികയായ 443355 രൂപയും ഇടുക്കിയിൽ നിന്ന് 50000 രൂപയും ലഭിച്ചു. ഖാദി ബോർഡ് ഡയറക്ടർ ടി.സി. മാധവൻ നമ്പൂതിരി, ഖാദി ബോർഡ് സൂപ്രണ്ട് എം.എസ്. സജിതമണി, ജൂനിയർ സൂപ്രണ്ട് കെ. ഫിറോസ്, ഇടുക്കി പ്രോജക്ട് ഓഫീസർ ഇ. നാസർ, കോട്ടയം പ്രോജക്ട് ഓഫീസർ ധന്യ ദാമോദരൻ എന്നിവർ പങ്കെടുത്തു.