മുണ്ടക്കയം: നാടിനെ നടുക്കിയ ദുരന്തത്തിന്റെ ദുരിത മുഖത്തു നിന്നും തിരിച്ചു വരവിന്റെ പാതയിൽ പൊരുതുന്ന കുട്ടിക്കലിലെ ജനങ്ങൾ ഇന്നും ഭീതിയുടെയും നടുക്കത്തോടെയും ഓർമ്മയിൽ സൂക്ഷിച്ചിരിക്കുന്ന ദിവസമാണ് ഇന്ന്. കഴിഞ്ഞ 2 വർഷം മുൻപ് ഒക്ടോബർ 16 നാണു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

ചെറുതായി രാവിലെ മുതൽ പെയ്യാൻ ആരംഭിച്ച മഴയുടെ ഭാവം മാറിയത് നിമിഷ നേരത്തിനിടെയാണ്. പ്രളയക്കലിയിൽ കൂട്ടിക്കലിനു നഷ്ടമായത് ഉറ്റവരായ 13 പേരെയാണ്. പ്രളയം കവർന്നെടുത്തവരുടെ മായാത്ത ഓർമ്മകളിൽ നിന്നും ഇന്നും ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കൾക്കും നാട്ടുകാരും മോചിതരായിട്ടില്ല. ആ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് രണ്ട് വയസ്സ് തികയുകയാണ്. 



ഇന്ന് തിരിച്ചു വരവിന്റെ പാതയിൽ പൊരുതുന്ന കൂട്ടിക്കലിലെ ജനങ്ങൾക്ക് ഇപ്പോഴും മാനത്തൊരു മഴക്കാറ് കണ്ടാൽ നെഞ്ചിൽ ഭീതിയും ആധിയുമാണ്. കൂട്ടിക്കൽ കാവാലിയിൽ ഒരു കുടുംബത്തിലെ 6 പേരെയാണ് ഉരുള്പൊട്ടലിന്റെ രൂപത്തിൽ മരണം കവർന്നെടുത്തത്. കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിൻ (48), മാർട്ടിന്റെ ഭാര്യ സിനി (45), അമ്മ ക്ലാരമ്മ ജോസഫ് (65), മക്കളായ സാന്ദ്ര (14), സോന (12), സ്നേഹ (10) എന്നിവരാണ് മരിച്ചത്.

ഏന്തയാർ സ്വദേശിനി സിസിലി (50), ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ (45), മകൻ അലൻ (14), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (62), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (48), ഏന്തയാറിൽ ഓട്ടോ ഡ്രൈവറായ ഷാലറ്റ് ഓലിക്കൽ (29), രാജമ്മ (65) എന്നിവരാണ് ഉരുൾപൊട്ടലിൽ മരിച്ച മറ്റുള്ളവർ. വിവിധ ദിവസങ്ങളിലായാണ് മരിച്ചവരുടെ മൃതദേഹങ്ങൾ ഏറെ നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. 



സൈന്യത്തിന്റെയും അഗ്നി രക്ഷാ സേനയുടെയും പോലീസിന്റെയും സിവിൽ ഡിഫൻസ് അംഗങ്ങളുടെയും മറ്റു വിവിധ സംഘടനകളുടെയും ഒപ്പം നാട്ടുകാരുടെയും കൂട്ടായ പരിശ്രമങ്ങൾക്കൊടുവിലാണ് ഉരുൾപൊട്ടൽ മേഖലയിൽ തിരച്ചിൽ നടത്തി കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കനത്ത മഴ പ്രളയമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല. ഉരുള്പൊട്ടലുണ്ടായതോടെ ഇരച്ചെത്തിയ വെള്ളം കൂട്ടിക്കൽ മേഖലയെ അപ്പാടെ വിഴുങ്ങുകയായിരുന്നു. കൂട്ടിക്കലിലെ വ്യാപാര സ്ഥാപനങ്ങൾ മുഴുവനും വെള്ളത്തിനടിയിലായി. നിമിഷ നേരം കൊണ്ടാണ് വെള്ളം കൂട്ടിക്കലിനെ മൂടിയത്.

പുല്ലകയാറിൽ ജലനിരപ്പ് ഉയർന്നതോടെ കൂട്ടിക്കലിൽ വെള്ളം കയറുകയായിരുന്നു. കൂട്ടിക്കൽ ചപ്പാത്ത് ഉൾപ്പടെ മുങ്ങുകയായിരുന്നു. ഉരുൾപൊട്ടലിൽ റോഡും പാലവും തകർന്നു. നിരവധി വീടുകളാണ് ഉരുൾപൊട്ടലിൽ ഒലിച്ചു പോയത്. കൂട്ടിക്കലിൽ പ്ലാപ്പള്ളി, കാവാലി മേഖലകളിലാണ് കൂടുതൽ ദുരന്തമുണ്ടായത്. നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. വെള്ളം കുതിച്ചെത്തിയതോടെ പ്രളയത്തിൽ രൗദ്രഭാവം പൂണ്ട മണിമലയാർ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല മേഖലകളെ വിഴുങ്ങുകയായിരുന്നു. 



എരുമേലിയിൽ കെ എസ് ആർ ടി സി സ്റ്റാൻഡിലും ടൗണിലും വെള്ളം കയറി, മുണ്ടക്കയം കോസ്വേ പാലം കരകവിഞ്ഞു. കാഞ്ഞിരപ്പള്ളിയിലും മണിമലയിലും വെള്ളം കയറി. മണിമലയാർ കരകവിഞ്ഞതോടെ മണിമല, മൂങ്ങാനി മേഖലകളിൽ വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങൾ മുഴുവനും വെള്ളത്തിനടിയിലായി. മീനച്ചിലാർ കരകവിഞ്ഞതോടെ ഈരാറ്റുപേട്ട, പാലാ മേഖലകളിലും വെള്ളം കയറി. നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി.

സർക്കാരിന്റെയും വിവിധ സംഘടനകളുടെയും കൈത്താങ്ങിൽ തിരിച്ചു വരവിന്റെ പാതയിലാണ് ഇപ്പോൾ കൂട്ടിക്കൽ. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് കൂട്ടിക്കൽ മേഖലയിൽ മാത്രമുണ്ടായത്. ഉരുള്പൊട്ടലിനും പ്രളയത്തിനും ശേഷം നാളുകളേറെ കഴിഞ്ഞാണ് ഗതാഗത വാർത്താ വിനിമയ സംവിധാനങ്ങളടക്കം പുനഃസ്ഥാപിക്കപ്പെട്ടത്.  കൂട്ടിക്കലും ഇളംകാടും ഉരുള്പൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയവരെ സൈന്യത്തിന്റെ സഹായത്തോടെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. 



ഏഴോളം ട്രാക്കുകളിലായി അറുപതിലധികം സേനാംഗങ്ങളാണ് കൂട്ടിക്കലിന്റെ ദുരന്ത ഭൂമിയിൽ എത്തിയത്.കനത്ത കാറ്റും മഴയും ഉരുൾപ്പൊട്ടലും മൂലം കോട്ടയം ജില്ലയിൽ വൈദ്യുതി മേഖലയിലുണ്ടായത് 3.98 കോടി രൂപയുടെ നാശ നഷ്ടമാണ്. കൂട്ടിക്കൽ, ഈരാറ്റുപേട്ട, പൂഞ്ഞാർ , മുണ്ടക്കയം, എരുമേലി, പാറത്തോട് , കാഞ്ഞിരപ്പള്ളി എന്നിവിടങ്ങൾ ഉൾപ്പെടുന്ന പാലാ സർക്കിളിൽ 3.20 കോടി രൂപയുടേയും കോട്ടയം സർക്കിളിൽപ്പെട്ട മണിമല , പത്തനാട് സെക്ഷനുകളിലായി 78 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായാണ് കണക്ക്. 104809 ഉപഭോക്താക്കളെയാണ് വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബാധിച്ചത് . 853 ട്രാൻസ് ഫോർമറുകൾക്ക് കേട്പാട് സംഭവിച്ചു.185 ഹൈടെൻഷൻ പോസ്റ്റുകളും 241 ലോ ടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു. പത്തര കിലോമീറ്റർ ഹൈടെൻഷൻ ലൈനുകൾക്കും 15.5 കിലോമീറ്റർ ലോടെൻഷൻ ലൈനുകൾക്കും നാശമുണ്ടായി.