മദ്യലഹരിയിൽ ഉപദ്രവം പതിവ്, മുണ്ടക്കയത്ത് തലയ്ക്ക് അടിയേറ്റു യുവാവ് മരിച്ച സംഭവം കൊലപാതകം, മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.


മുണ്ടക്കയം: മുണ്ടക്കയത്ത് തലയ്ക്ക് അടിയേറ്റു യുവാവ് മരിച്ച സംഭവം കൊലപാതകം. മുണ്ടക്കയം കോരുത്തോട് കുഴിമാവ് തോപ്പിൽ അനു ദേവൻ (45) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ചത്. സംഭവത്തിൽ മാതാവ് സാവിത്രിയെ (68) പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്ഥിരമായി മദ്യപിച്ച് എത്തിയിരുന്ന അനു ദേവൻ മാതാവിനെ ഉപദ്രവിച്ചിരുന്നു. വെള്ളിയാഴ്ച മദ്യപിച്ച് എത്തിയ അനു ദേവൻ ഉപദ്രവിക്കുന്നതിനിടെ മാതാവ് സാവിത്രി കോടാലി കൊണ്ട് മകന്റെ തലക്ക് അടിക്കുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ മകനെ മാതാവ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിൽ വീണു പരുക്കേറ്റതാണെന്നാണ് ഒപ്പം ഉണ്ടായിരുന്ന അമ്മ സാവിത്രി ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്നും കൃത്യം നടത്തിയത് മാതാവാണെന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് മുണ്ടക്കയം പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മദ്യ ലഹരിയില്‍ മകന്റെ ശല്യം സഹിക്കാതെ വന്നതിനെ തുടർന്നാണ് കോടാലി കൊണ്ട് തലയ്ക്ക് അടിച്ചതെന്നു അമ്മ പൊലീസിന് മൊഴി നല്‍കി.