കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു, നദികളിൽ ജലനിരപ്പ് ഉയരുന്നു, ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി, ജില്ലയിൽ 9 ദുരിതാശ്വാസ ക്യാംപുകൾ


കോട്ടയം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയിലെ പ്രധാന നദികളായ മണിമലയും മീനച്ചിലാറിലും ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ കനത്ത മഴയാണ്. ഇടവിട്ടുള്ള ശക്തമായ മഴയാണ് ജില്ലയിൽ പെയ്തു കൊണ്ടിരിക്കുന്നത്. അടുത്ത 5 ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ശക്തമായി തുടരുന്നതോടെ കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 9 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി പറഞ്ഞു. ചെങ്ങളം, കാഞ്ഞിരം, തിരുവാർപ്പ്, കുമ്മനം,ആർപ്പൂക്കര, കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ വീടുകളിൽ വെള്ളം കയറി. പാടശേഖരങ്ങളിൽ വെള്ളം കയറി കൃഷി നാശം സംഭവിച്ചിട്ടുണ്ട്.