കോട്ടയം: ചുമയും കഫക്കെട്ടും മാറാതെ വന്നതോടെയാണ് കോട്ടയം സ്വദേശിയായ മാതാപിതാക്കൾ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ആദ്യം ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും കുറവില്ലായിരുന്നു. തുടർന്ന് എക്സ്റേ എടുത്ത് നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിൽ നേർത്ത കമ്പി പോലെ എന്തോ ഒന്ന് തടഞ്ഞിരിക്കുന്നതായി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. . തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയിൽ ചീഫ് ഇന്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ ശ്വാസകോശത്തിൽ ചുറ്റും രക്തം കട്ടപിടിച്ച നിലയിൽ നേർത്ത കമ്പികളും ബൾബും കണ്ടത്. ശ്വാസകോശത്തിന്റെ വലതുഭാഗത്ത് താഴെയായിരുന്നതിനാൽ പുറത്തെടുക്കാൻ അല്പം പ്രയാസപ്പെടേണ്ടി വന്നതായി ഡോക്ടർ പറഞ്ഞതായി മാതാപിതാക്കൾ പറഞ്ഞു. ബ്രോങ്കോസ്‌കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബ് കിടക്കുന്നത് കണ്ടെത്തിയത്. കളിപ്പാട്ടത്തിന്റെയുള്ളില്‍ നിന്നും ബള്‍ബ് കുഞ്ഞിന്റെയുള്ളിലെത്തിയതാവാമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.