പാലാ: ഭരണങ്ങാനത്ത് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തോട്ടിൽ വീണു കാണാതായ വിദ്യാർത്ഥിനിക്കായി തിരച്ചിൽ തുടരുന്നു. തിരച്ചിലിന് മുന്നിട്ടിറങ്ങുവാൻ നാവികസേന സംഘം ഉടനടി എത്തുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ഉറപ്പുനൽകിയിട്ടുണ്ട് എന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഒരു നാട് മുഴുവൻ പ്രത്യാശയോടെ കാത്തിരിക്കുകയാണ് എന്നും എം എൽ എ പറഞ്ഞു. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകളും ഭരണങ്ങാനം എസ് എച്ച് ഹൈസ്ക്കൂള്‍ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയുമായ ഹെലൻ അലക്സിനെയാണ് ഇന്നലെ വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് തോട്ടിൽ ഒഴുക്കിൽപ്പെട്ടു കാണാതായത്. ഇന്നലെ രാത്രി വെളിച്ചക്കുറവ് മൂലം അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിക്കുകയായിരുന്നു. രാവിലെ 6 മണിക്ക് ആരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. സ്ഥലത്ത് നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ടയിൽ നിന്നും നന്മക്കൂട്ടം പ്രവർത്തകരും ടീം എമെർജൻസി പ്രവർത്തകരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
ഹെലനുവേണ്ടി പ്രാർത്ഥനയോടെ; തിരച്ചിലിനായി നേവി എത്തും, കേന്ദ്രമന്ത്രി വി മുരളീധരൻ സഹായം ഉറപ്പു നൽകിയതായി മാണി സി കാപ്പൻ എം എൽ എ.