കാഞ്ഞിരപ്പള്ളി: ക്രിസ്മസ് ആവേശവുമായി വ്യത്യസ്തതയാർന്ന കരോൾ ഗാനങ്ങളുമായി സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു C30 പ്രൊഡക്ഷൻസിന്റെ ക്രിസ്മസ് ബെൽസ് സീസൺ 4 ഇന്ന് മുതൽ. കാഞ്ഞിരപ്പള്ളി രൂപത അമല കമ്മ്യൂണിക്കേഷൻസ് നേതൃത്വം നൽകുന്ന C30 പ്രൊഡക്ഷൻസ് ആണ് അവതരണത്തിലും ഈണങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ക്രിസ്മസ് കരോൾ ഗാനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറക്കിയത്. ക്രിസ്തുമസിനോടനുബന്ധിച്ചു C30 നടത്തിയ കരോൾ ഗാനമത്സരത്തിൽ വിവിധ ഗാനങ്ങൾ മുൻ വർഷങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കരോൾ ഗാന മത്സരങ്ങളുടെ സീസൺ 4 ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഡിസംബർ ഒന്നാം തീയതി മുതൽ പത്താം തീയതി വരെയുള്ള ദിവസങ്ങളിൽ C30 യുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കും. രണ്ടു ഘട്ടമായാണ് മത്സരങ്ങൾ. ഒന്നാം ഘട്ടമായി വിവിധ ഗ്രൂപ്പുകൾ അയച്ചു നൽകിയ ഗാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 ഗ്രൂപ്പുകൾക്കാണ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളുടെ ഗാനം അമല ഡിജിറ്റൽ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുകയും അമലയുടെ C30 സ്റ്റുഡിയോ ഫ്ളോറിൽ വീഡിയോ ഷൂട്ട് ചെയ്യുകയും ഡിസംബർ ഒന്ന് മുതൽ പത്ത് വരെയുള്ള ദിവസങ്ങളിൽ C30 യുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയുമാണ് ചെയ്യുന്നത്. ഇതിനായുള്ള ചെലവുകൾ മുഴുവനും വഹിക്കുന്നത് C30 പ്രൊഡക്ഷൻസ് തന്നെയാണ്. വീഡിയോ പ്രസിദ്ധീകരിച്ചു ആദ്യ പത്ത് ദിവസം വീഡിയോയ്ക്ക് ലഭിക്കുന്ന വ്യൂവേഴ്സിന്റെ എണ്ണവും ജഡ്ജിംഗ് പാനലിന്റെ മൂല്യനിർണയവും അടിസ്ഥാനമാക്കിയാണ് വിജയികളെ നിർണ്ണയിക്കുന്നത്. രണ്ടാംഘട്ടത്തിൽ അവതരിപ്പിക്കുന്ന കരോൾ ഗാനങ്ങൾ ശാലോം ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്നതായിരിക്കും. മത്സരത്തിൽ വിജയികളാകുന്ന ഒന്നാം ഗ്രൂപ്പിന് 50,000 രൂപയും രണ്ടാം ഗ്രൂപ്പിന് 25,000 രൂപയും മൂന്നാം ഗ്രൂപ്പിന് 20,000 രൂപയുമാണ് സമ്മാനമായി ലഭിക്കുക. ക്രിസ്മസ് ബെൽസ് ഒന്ന്, രണ്ട്, മൂന്ന് സീസണുകളിലെ വീഡിയോ C30 പ്രൊഡക്ഷൻസ് എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്.