ഈരാറ്റുപേട്ട: ആലപ്പുഴയിൽ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു ഈരാറ്റുപേട്ട സ്വദേശിനിയായ 4 വയസ്സുകാരി മരിച്ച സംഭവത്തിൽ യഥാസമയം ചികിത്സ ലഭിക്കാതിരുന്നത് കുട്ടിയുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് കുടുംബത്തിന്റെ പരാതി.
ഈരാറ്റുപേട്ട പുതുപ്പറമ്പ് ഫാസില്‍-റിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ്(4) മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാരും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ പോലും നല്‍കാതെ ഒരു മണിക്കൂറോളം വൈകിപ്പിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം.
ആദ്യം ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ഈരാറ്റുപേട്ടയിൽ നിന്നും ഫൈഹയുടെ മാതാവിൻ്റെ നാടായ ആലപ്പുഴയിൽ ഒരു ബന്ധുവിന്റെ കല്യാണത്തിന് എത്തിയതായിരുന്നു മൂവരും.
വിവാഹ സത്കാരത്തിന് ശേഷം വൈകിട്ടോടുകൂടി റോഡിലൂടെ മാതാപിതാക്കൾക്കൊപ്പം നടക്കുകയായിരുന്ന ഫൈഹയെ ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിന് സമീപത്തുവച്ച് അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടം ഉണ്ടാക്കിയ വാഹനത്തിനായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഈരാറ്റുപേട്ട പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂളിലെ എൽ കെ ജി വിദ്യാർഥിനിയായിരുന്നു ഫൈഹ. ഖബറടക്കം ഈരാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ തിങ്കളാഴ്ച. സ്കൂട്ടറിനായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.