കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയിൽ പാതയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ദക്ഷിണ റെയിൽവേയുടെ അംഗീകാരം. 3800.93 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ആണ് ദക്ഷിണ റെയിൽവേ അക്കൗണ്ട് വിഭാഗത്തിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
2022 ൽ 3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് തയാറാക്കി റെയിൽവേയ്ക്ക് സമർപ്പിച്ചിരുന്നു. 2017 ല്‍ തയാറാക്കിയ എസ്റ്റിമേറ്റ് 2815 കോടി രൂപയായിരുന്നു. പദ്ധതിച്ചെലവിന്റെ പകുതി വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സമ്മതിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഒന്നര വർഷത്തിന് ശേഷം ഇതിൽ മാറ്റം വരുത്തിയാണ് 3800.93 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ദക്ഷിണ റെയിൽവേ അക്കൗണ്ട് വിഭാഗം അംഗീകാരം നൽകിയിരിക്കുന്നത്.
ദക്ഷിണ റെയിൽവേ ജനറൽ മാനേജരും റെയിൽവേ ബോർഡും അംഗീകരിക്കുന്നതോടെ എസ്റ്റിമേറ്റ് അന്തിമമാകും. 1997 ൽ പ്രഖ്യാപിച്ച ശബരി പാത പൂർത്തിയാക്കുന്നതിനായി 274 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഏറ്റെടുക്കുന്ന ഭൂമിക്കായി മാത്രം 1000 കോടി രൂപയാണ് എസ്റ്റിമേറ്റിലുള്ളത്. അങ്കമാലി മുതൽ കാലടി വരെ 7 കിലോമീറ്റർ ദൂരം പാത നിർമ്മിച്ചിരുന്നു.
ഇനി കാലടി മുതൽ എരുമേലി വരെ 109 കിലോമീറ്റർ ദൂരം പാതയാണ് നിർമ്മിക്കാനുള്ളത്. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിങ്ങനെ 14 സ്റേഷനുകളാണുള്ളത്.