എരുമേലിയിൽ വനം വകുപ്പിന്റെ ട്രാപ്പ് ക്യാമറ ഫലം കണ്ടു, കനകപ്പലം-പ്ലാച്ചേരി വനപാതയിൽ മാലിന്യ നിക്ഷേപമില്ല.


എരുമേലി: എരുമേലിയിൽ വനം വകുപ്പിന്റെ ട്രാപ്പ് ക്യാമറ ഫലം കണ്ടു. ട്രാപ്പ് ക്യാമറ പ്രവർത്തനം ആരംഭിക്കുകയും മാലിന്യ നിക്ഷേപകരെ കയ്യോടെ പിടികൂടുകയും ചെയ്തതോടെ ഇപ്പോൾ കനകപ്പലം-പ്ലാച്ചേരി വനപാതയിൽ മാലിന്യ നിക്ഷേപമില്ല. എരുമേലി-പ്ലാച്ചേരി പാതയിൽ കനകപ്പലം മുതൽ പ്ലാച്ചേരി വരെയുള്ള വനമേഖലയുടെ പാതയോരത്ത് മാലിന്യ നിക്ഷേപം പതിവായതോടെയാണ് വനം വകുപ്പ് ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചത്. വന പാതയിലെ മാലിന്യം മുഴുവനും നീക്കം ചെയ്ത ശേഷമായിരുന്നു മരങ്ങളിൽ ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചത്. മാലിന്യം തള്ളിയതായി കണ്ടെത്തിയ 10 പേരെ വനം വകുപ്പ് വിളിച്ചു വരുത്തി മാലിന്യം തിരികെ വാരിക്കുകയാണ് ചെയ്തത്. മാധ്യമങ്ങളിലുൾപ്പടെ വാർത്തയായതോടെ ഇപ്പോൾ മേഖലയിൽ മാലിന്യ നിക്ഷേപം ഇല്ലാതായിരിക്കുകയാണ്. ക്യാമറ സ്ഥാപിച്ചു ആദ്യ 2 ആഴ്ചയ്ക്കിടെ പിടികൂടിയത് 10 മാലിന്യ നിക്ഷേപകരെയാണ്. മാലിന്യം വലിച്ചെറിഞ്ഞവരുടെ വാഹനത്തിന്റെ നമ്പർ വനം വകുപ്പ് മരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാപ്പ് ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിരുന്നു. വാഹന നമ്പർ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി മേൽവിലാസത്തിലേക്ക് നോട്ടീസ് അയച്ചു വിളിച്ചു വരുത്തുകയായിരുന്നു. കനകപ്പലം-പ്ലാച്ചേരി വന പാതയിൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ദുർഗന്ധ പൂരിതമായിരുന്നു ഈ പാതയിലൂടെയുള്ള യാത്ര. നിരവധി തവണ വനം വകുപ്പും വിവിധ സന്നദ്ധ സംഘടനകളും വന മേഖലയിലെ പാതയോരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കിയെങ്കിലും വീണ്ടും ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ തള്ളുക പതിവായിരുന്നു. പഞ്ചായത്ത് അധികൃതരും പോലീസും മാലിന്യ നിക്ഷേപകരെ പിടികൂടിയിട്ടും പിഴ ചുമത്തിയിട്ടും വീണ്ടും മാലിന്യ നിക്ഷേപം പതിവായതോടെയാണ് വനം വകുപ്പ് നേരിട്ട് രംഗത്ത് എത്തിയത്. മാലിന്യം നിക്ഷേപിക്കരുത് എന്ന് വന പാതയുടെ വിവിധ മേഖലകളിൽ വനം വകുപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുല്ലു വില നൽകിയാണ് ഇരുട്ടിന്റെ മറവിൽ സാമൂഹ്യദ്രോഹികൾ മാലിന്യം തള്ളിയിരുന്നത്. ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചതോടെ ഇപ്പോൾ വന പാതയിൽ മാലിന്യ നിക്ഷേപമില്ല.