ഏറ്റുമാനൂർ: അങ്കണവാടികൾ മുതൽ ഉന്നതവിദ്യാഭ്യാസതലം വരെയുമുള്ള വിദ്യാഭ്യാസത്തിന്റെ കാലോചിതമായ പരിഷ്‌കാരങ്ങളും തൊഴിലിധിഷ്ഠിത പാഠ്യപദ്ധതിയിലേക്ക് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസരീതി കൂടുതൽ മാറേണ്ടതിന്റെയും ആവശ്യകതയും ചർച്ച ചെയ്തു നവകേരളസദസ് ഏറ്റുമാനൂർ കോൺക്ലേവ്. ഡിസംബർ 14ന് ഏറ്റുമാനൂർ മണ്ഡലത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരളസദസിന്റെ ഭാഗമായി മാന്നാനം കെ.ഇ. സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവിലാണ് വിജ്ഞാനകേരളം ഇന്നും നാളെയും എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചത്. ഹൈസ്‌കൂൾ തലം മുതൽ സ്റ്റാർട്ടപ്പുകൾ തുടങ്ങേണ്ടതിന്റെ ആവശ്യകത സെമിനാറിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. പഠിച്ചിറങ്ങുന്ന കുട്ടികൾക്കു തൊഴിൽ ലഭിക്കുന്നതിന് പ്രാദേശിക ഭരണകൂടങ്ങളടക്കം വലിയ പങ്കുവഹിക്കുന്ന തരത്തിലേക്ക് രീതികൾ മാറണം. തൊഴിലും മറ്റ് സൗകര്യങ്ങളും നോക്കി ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കു ചേക്കേറുന്ന വിദ്യാർഥികൾ നിലവാരം കുറഞ്ഞ സ്ഥാപനങ്ങളിലെത്തിപ്പെട്ട് ചതിക്കപ്പെടുന്ന സംഭവങ്ങൾ ഒഴിവാക്കാൻ കരുതലുകൾ വേണം. പഠനശേഷം വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കണമെന്നും സെമിനാറിൽ നിർദേശങ്ങളുയർന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഐ.ടി.സി. അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും രാജ്യത്ത് ഏറ്റവും മികവു പുലർത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് എം.ജി. സർവകലാശാല വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ പറഞ്ഞു. വിദ്യാഭ്യാസമേഖലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകൾ ഇനിയും തുടരണം. അതേസമയം ആഗോളവിദ്യാഭ്യാസത്തിലെ മാറ്റങ്ങൾക്കനുസരിച്ചുള്ള പരിഷ്‌കാരങ്ങളും വേണം. ഇവ രണ്ടു ഒന്നിച്ചുകൊണ്ടുപോകുന്നതാണ് പ്രധാന വെല്ലുവിളിയെന്നും സി.ടി. അരവിന്ദകുമാർ പറഞ്ഞു. അങ്കണവാടികളിൽ അത്യാധുനിക സംവിധാനങ്ങളേർപ്പെടുത്തിക്കൊണ്ട് ശൈശവദശയിൽ തന്നെ കുട്ടികളിൽ ശക്തമായ അടിത്തറയുണ്ടാക്കിയെടുക്കണമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച എം.ജി. സർവകലാശാല മുൻ വൈസ് ചാൻസലറും തിരുവനന്തപുരം ട്രെസ്റ്റ് റിസർച്ച് പാർക്ക് ചെയർമാനുമായ പ്രൊഫ. സാബു തോമസ് പറഞ്ഞു. കളികളിലൂടെയും പ്രവർത്തികളിലൂടെയും പ്രാഥമികവിദ്യാഭ്യാസം എന്ന രീതിയിലേക്ക് നമ്മൾ മാറണം. ഉന്നതവിദ്യാഭ്യാസരംഗത്ത് ഇഷ്ടപ്പെട്ട വിഷയങ്ങൾ തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് സാധിക്കുന്ന തരത്തിൽ കോഴ്‌സുകൾ ഫ്‌ളെക്‌സിബിൾ ആകണം. കാമ്പസിൽ തന്നെ തൊഴിൽ ചെയ്തു കൊണ്ടു ഉന്നതവിദ്യാഭ്യാസം നിർവഹിക്കണം. സർവകലാശാലകൾ അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രാദേശികഭരണകൂടങ്ങൾക്കു കൂടുതൽ പങ്കാളിത്തം വേണമെന്നും പ്രൊഫ. സാബു തോമസ് പറഞ്ഞു. എം.ജി. സർവകലാശാല ബയോസയൻസിലെ പ്രൊഫ. കെ. ജയചന്ദ്രൻ, സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ ഡോ. പി.പി. നൗഷാദ്, പ്രൊഫ. മിനി തോമസ്, അമലഗിരി ബി.കെ. കോളജ് പ്രിൻസിപ്പൽ പ്രൊഫ. മിനി തോമസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഉദ്ഘാടനസമ്മേളനത്തിൽ ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ അധ്യക്ഷനായിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, മാന്നാനം കെ.ഇ. സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജെയിംസ് മുല്ലശേരി, മാന്നാനം കെ.ഇ. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഐസൺ വഞ്ചിപ്പുരയ്ക്കൽ, ഏറ്റുമാനൂർ എ.ഇ.ഒ. ശ്രീജ പി. ഗോപാൽ, ഏറ്റുമാനൂരപ്പൻ കോളജ് പ്രിൻസിപ്പൽ പ്രൊഫ. ആർ. ഹേമന്തകുമാർ എന്നിവർ പ്രസംഗിച്ചു.