ത്രിദിനചലച്ചിത്രോത്സവ ക്യാമ്പിന് തുടക്കം, ചലച്ചിത്രങ്ങൾ സമകാലിക ജീവിതത്തിന്റെ നേർക്കാഴ്ചയൊരുക്കുന്ന ശക്തമായ മാധ്യമം: മന്ത്രി വി.എൻ. വാസവൻ.


കോട്ടയം: സമകാലീന സാമൂഹിക ജീവിതത്തിന്റെ നേർക്കാഴ്ചകൾ ജനങ്ങളിലെത്തിക്കുന്ന ശക്തമായ മാധ്യമമാണ് ചലച്ചിത്രങ്ങളെന്ന് സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി  വി.എൻ. വാസവൻ. സമഗ്ര ശിക്ഷ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്രോത്സവ ക്യാമ്പ് തെക്കുംതല കെ.ആർ. നാരായണൻ ഇൻസ്റ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ്  ആർട്സിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മലയാള സിനിമകൾ സാമൂഹിക മാറ്റത്തിന്റെ ദൃശ്യാവിഷ്കാരമായി. സിനിമയുടെ സാങ്കേതികവും രചനാപരവുമായ വിവിധ ഘടകങ്ങളെ അടുത്തറിയാൻ വിദ്യാർഥികൾക്ക് ക്യാമ്പിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായി. കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആർട്സ് ചെയർമാൻ സയ്യിദ് അക്തർ മിർസ, ചലച്ചിത്ര നിരൂപകൻ വി.കെ. ജോസഫ് എന്നിവർ മുഖ്യാതിഥികളായി. വിദ്യാഭ്യാസ വിദഗ്ധൻ ഡോ. രതീഷ് കാളിയാടൻ മുഖ്യപ്രഭാഷണം നടത്തി. എസ് .എസ് . കെ. സംസ്ഥാന പ്രൊജക്ട് ഓഫീസർ ഇ. അനുലേഖ പദ്ധതി വിശദീകരണം നടത്തി. അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സിന്ധു അനിൽകുമാർ, പഞ്ചായത്തംഗം പി. ആർ. രാജശേഖരൻ നായർ, എസ്.എസ്.കെ. അഡിഷണൽ എസ്.പി.ഒ. ആർ.എസ് ഷിബു, ജില്ലാ പ്രൊജക്ട് ഓഫീസർ കെ.ജെ. പ്രസാദ്, കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ഡയറക്ടർ ഡോ.പി.ആർ. ജിജോയ് എന്നിവർ പങ്കെടുത്തു. 14 ജില്ലകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 42 കുട്ടികളാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രോത്സവ ക്യാമ്പിൽ പങ്കെടുക്കുന്നത്.