പാലാ: പാലാ ഭരണങ്ങാനത്ത് സ്‌കൂൾ വിട്ടു വീട്ടിലേക്ക് പോകുന്നതിനിടെ തോട്ടിൽ ഒഴുക്കിൽപ്പെട്ടു മരിച്ച വിദ്യാർത്ഥിനിയുടെ സംസ്കാരം ഇന്ന്. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പടിഞ്ഞാറേ പൊരിയത്ത് സിബിച്ചന്റെ മകളും ഭരണങ്ങാനം എസ് എച്ച് ഹൈസ്ക്കൂള്‍ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയുമായ ഹെലൻ അലക്സ്(13) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് റോഡിലേക്ക് കവിഞ്ഞൊഴുകി വന്ന തോട്ടിലെ വെള്ളപ്പാച്ചിലിൽ അകപ്പെട്ടാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാത്രി വരെയും വ്യാഴാഴ്ച പകലും നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനോടുവിൽ ഏറ്റുമാനൂരിലെ പേരൂർ കടവിൽ നിന്നമാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ടയിൽ നിന്നും നന്മക്കൂട്ടം പ്രവർത്തകരും ടീം എമെർജൻസി പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഹെലന്റെ മൃതദേഹം കണ്ടെത്തിയത്. ഹെലന്റെ മൃതദേഹം ഇന്ന് രാവിലെ സ്‌കൂളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് ഭരണങ്ങാനം പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഹെലന്റെ അപ്രതീക്ഷിതവും അകാലവുമായ വിയോഗത്തിൽ ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ തുടങ്ങിയവർ അനുശോചനമറിയിച്ചു.
ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ടു മരിച്ച വിദ്യാർത്ഥിനിയുടെ സംസ്കാരം ഇന്ന്, രാവിലെ മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിനു വയ്ക്കും.