കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്‌സ്റ്റേഷൻ നവംബർ 12ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും, ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയറുള്ള സംസ്ഥാനത്തെ ആദ്യ


കോട്ടയം: കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വൈദ്യുതി വിതരണരംഗത്ത് മാറ്റംസൃഷ്ടിക്കുന്ന കെ.എസ്.ഇ.ബി.യുടെ കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്സ്റ്റേഷൻ നവംബർ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. കോട്ടയം ലൈൻസ് പാക്കേജിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ഉച്ചയ്ക്ക് 12ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാകും. കിഫ്ബി ഫണ്ടിൽ നിന്ന് 152 കോടി രൂപ ചെലവഴിച്ചാണ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയറുള്ള സംസ്ഥാനത്തെ ആദ്യ 400 കെ.വി സബ്‌സ്റ്റേഷൻ കുറവിലങ്ങാട്ട് യാഥാർഥ്യമാക്കിയത്. തിരുനെൽവേലി-കൊച്ചി ലൈൻ വഴി 400 കെ.വി. അന്തർസംസ്ഥാന പ്രസരണലൈൻ ഉപയോഗിച്ച് കൂടംകുളം ആണവനിലയത്തിൽ നിന്ന് വൈദ്യുതി മധ്യകേരളത്തിൽ എത്തിക്കുന്നതിന് സബ്സ്റ്റേഷൻ സഹായിക്കും. 400 കെ.വി. പ്രസരണലൈനിലൂടെ വൈദ്യുതി സ്വീകരിച്ച് 220 കെ.വി. ആക്കി വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യാനാകും. ഇതിനായി 400 കെ.വി.യുടെ നാലു ഫീഡറുകളും 315 എം.വി.എ. യുടെ രണ്ടു ട്രാൻഫോമറുകളും 220 കെ.വി.യുടെ ആറു ഫീഡറുകളും സജ്ജമാക്കിയിട്ടുണ്ട്. പള്ളം, ഏറ്റുമാനൂർ, അമ്പലമുകൾ എന്നീ 220 കെ.വി. സബ്‌സ്‌റ്റേഷനുകളിൽ വൈദ്യുതിയെത്തിച്ചാണ് വിതരണം ചെയ്യുക. ഏറ്റുമാനൂർ- രണ്ട്, പള്ളം- ഒന്ന്, ആലപ്പുഴ തുറവൂർ- രണ്ട്, എറണാകുളം അമ്പലമുകൾ- ഒന്ന് എന്നിങ്ങനെയാണ് ഫീഡറുകൾ ഒരുക്കിയിരിക്കുന്നത്. തുറവൂരിൽ സബ്‌സ്‌റ്റേഷൻ യാഥാർഥ്യമാകുന്നതോടെ ആലപ്പുഴയ്ക്കും പ്രയോജനം ലഭിക്കും. മൂന്നു ജില്ലകളിലെ വോൾട്ടേജ് ക്ഷാമപ്രശ്‌നങ്ങൾക്കും പരിഹാരമാകും. സബ്‌സ്‌റ്റേഷനോടനുബന്ധിച്ചുള്ള 400 കെ.വി. ലൈനുകളും ഏറ്റുമാനൂർ, തുറവൂർ 220 കെ.വി. സബ്‌സ്‌റ്റേഷനുകൾ, കുറവിലങ്ങാട്, വൈക്കം, തൈക്കാട്ടുശേരി 110 കെ.വി. സബ്‌സ്‌റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന 70 സർക്യൂട്ട് കിലോമീറ്റർ 220/110 കെ.വി. മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേഡ് ലൈനുകളും പൂർത്തീകരിച്ചിട്ടുണ്ട്. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ., എം.പി.മാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി എന്നിവർ വിശിഷ്ടാതിഥികളാകും. കെ.എസ്.ഇ.ബി. ഡയറക്ടർ (ട്രാൻസ്മിഷൻ) സജി പൗലോസ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. രാജൻ എൻ. ഖോബ്രഗഡെ, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, കെ.എസ്.ഇ.ബി. എൽ. സ്വതന്ത്ര ഡയറക്ടർ അഡ്വ. പി. മുരുകദാസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ടെസി സജീവ്, ഗ്രാമപഞ്ചായത്തംഗം ഡാർലി ജോജി,  ചീഫ് എൻജിനീയർ ട്രാൻസ്ഗ്രിഡ് ആർ. രാജേഷ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. ജയകൃഷ്ണൻ, സദാനന്ദ ശങ്കർ, എ.എൻ. ബാലകൃഷ്ണൻ, എം.റ്റി. കുര്യൻ, അനിൽകുമാർ കാരക്കൽ, സിബി മാണി, സനോജ് മിറ്റത്താനി, സി.എം. പവിത്രൻ, എം.ആർ. ബിനേഷ്, കെ.ജെ. രാജീവ്, സി.എ. അഗസ്റ്റിൻ, യു.ഡി. മത്തായി, ഷാജി എബ്രഹാം ചിറ്റക്കാട്ട്, ബേബിച്ചൻ തയ്യിൽ എന്നിവർ പങ്കെടുക്കും. സബ്‌സ്‌റ്റേഷനും അനുബന്ധപദ്ധതികളും യാഥാർഥ്യമായതോടെ പ്രതിവർഷം 119.65 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രസരണനഷ്ടം കുറയും. 24.7 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി ഉൽപാദനനിലയം സ്ഥാപിക്കുന്നതിനു തുല്യമായാണ് കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്‌സ്‌റ്റേഷനെ കണക്കാക്കുന്നത്. സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 3860 മെഗാവാട്ടായി ഉയർത്താനും സബ്‌സ്‌റ്റേഷൻ സഹായിച്ചു. പരിപാലനച്ചെലവും തടസസാധ്യതകളും കുറഞ്ഞ ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ (ജി.ഐ.എസ്) സാങ്കേതികവിദ്യയിലൂടെയാണ് കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്‌റ്റേഷന്റെ നിർമാണം. പരമ്പരാഗത സബ്‌സ്‌റ്റേഷന് ആവശ്യമായതിന്റെ 40 ശതമാനം സ്ഥലമേ ഇതിന് ആവശ്യമായി വരുന്നുള്ളൂ. 13.51 ഏക്കർ ഭൂമിയിലാണ് കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്‌റ്റേഷൻ നിർമിച്ചത്. 2020 ഒക്‌ടോബർ അഞ്ചിന് മുഖ്യമന്ത്രിയാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.