കോട്ടയം: എല്ലാ വിഭാഗക്കാർക്കും സർഗാത്മകത പ്രകടിപ്പിക്കാനുള്ള വേദിയാണ് കേരളോത്സവമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. കോട്ടയം ജില്ലാ പഞ്ചായത്തും സംസ്ഥാനയുവജനക്ഷേമബോർഡും ചേർന്നു സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം കുമരകം സാംസ്‌കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നാടകം പോലുള്ള ജനകീയ കലകൾ നാടിന്റെ പുരോഗതിക്ക് അടിത്തറ പാകിയവയാണ്. സാധാരണക്കാരന്റെ മനസിൽ സാമൂഹികസാഹചര്യങ്ങളെ വികാരവായ്പയോടെ അവതരിപ്പിക്കാൻ കലകൾക്കു കഴിയുന്നതു പോലെ മറ്റൊന്നിനും ആകില്ലെന്നും മന്ത്രി പറഞ്ഞു. വിഭാഗീയത-വിധ്വംസക പ്രവർത്തനങ്ങളെ തുറന്നുകാണിക്കാനും മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിക്കാനും കലകൾക്കാവണം. അതുകൊണ്ട് കേരളോത്സവം പോലുള്ള കലാമേളകൾക്കു വമ്പിച്ച പ്രാധാന്യമാണെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി കുമരകം ഗ്രാമപഞ്ചായത്ത് അങ്കണത്തിൽനിന്ന് സാംസ്‌കാരിക നിലയത്തിലേക്ക് വർണാഭമായ സംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് കേരളോത്സവ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രഞ്ജിത്ത് (വൈക്കം), ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എസ് പുഷ്പമണി, പി.എം മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.എൻ. ഗിരീഷ്‌കുമാർ, ജോസ് പുത്തൻകാലാ, രാജേഷ് വാളിപ്ലാക്കൽ, പി.ആർ. അനുപമ, ജോസ്‌മോൻ മുണ്ടയ്ക്കൽ, ഹൈമി ബോബി, സംസ്ഥാന യുവജനക്ഷേമ ബോർഡംഗം സന്തോഷ് കാലാ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ. ശ്രീലേഖ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.വി. ജയകുമാരി എന്നിവർ പ്രസംഗിച്ചു. ഇന്നും നാളെയും (നവംബർ 18,19) രാവിലെ ഒൻപത് മുതൽ കുമരകം ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയം,ജി. വി.എച്ച്.എസ്.എസ് ഓഡിറ്റോറിയം, ജി. വി.എച്ച്.എസ്.എസ് ക്ലാസ് റൂം, കുമരകം ഗ്രാമപഞ്ചായത്ത് ഹാൾ, എൻ.എസ്. എസ്. കരയോഗം ഹാൾ എന്നീ അഞ്ച് വേദികളിൽ കേരളോത്സവത്തിന്റെ ഭാഗമായ കലാമത്സരങ്ങൾ നടക്കും. നവംബർ 25,26 തീയതികളിലാണ് കായികമത്സരങ്ങൾ നടക്കുക. ഇൻഡോർ സ്റ്റേഡിയം, സി.എം.എസ് കോളേജ്, നെഹ്‌റു സ്റ്റേഡിയം, നാട്ടകം ഗവൺമെന്റ് കോളേജ് എന്നിവയാണ് വേദികൾ.