കോട്ടയം: അമേരിക്കയിൽ കോട്ടയം സ്വദേശിനിയായ യുവതിക്ക് ഭർത്താവിന്റെ വെടിയേറ്റ സംഭവത്തിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗർഭിണിയായ യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
ലൂതറന്റ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം–ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. സംഭവത്തിൽ ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി സ്വദേശി അമൽ റെജിയെ ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തു.
മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. തുടർന്നുണ്ടായ അമിത രക്തസ്രാവത്തിൽ മീരയുടെ ആരോഗ്യനില അപകടാവസ്ഥയിലായിരുന്നു. രക്തസ്രാവം നിയന്ത്രണവിധേയമായതായും രണ്ടു ശസ്ത്രക്രിയകൾ കഴിഞ്ഞതായും സഹോദരി മീനു പറഞ്ഞു.
കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് അമൽ മീരക്ക് നേരെ വെടിയുതിർത്തതെന്നാണ് വിവരം. മീരയുടെ ഇരട്ട സഹോദരി മീനുവും ഷിക്കാഗോയിലാണ് താമസിക്കുന്നത്.