കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗം പരിചയപ്പെടുത്തി നീണ്ടൂർ കൃഷിഭവൻ.


കോട്ടയം: കൃഷിയിടങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങൾ തളിക്കുന്നത് പരിചയപ്പെടുത്തി നീണ്ടൂർ കൃഷിഭവൻ. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും നീണ്ടൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൈപ്പുഴയിൽ നടന്ന കിസ്സാൻ മേളയിലാണ് ഡ്രോണിന്റെ ഉപയോഗ രീതി പരിചയപ്പെടുത്തിയത്. കൈപ്പുഴ എസ്.എൻ.ഡി.പി ഹാളിൽ നടന്ന കിസ്സാൻ മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന ധാരാളം പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം കർഷകർക്ക് ഗുണം ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 12 കർഷകരെ ആദരിച്ചു. മണ്ണും കൃഷിയും എന്ന വിഷയത്തിൽ കുമരകം കാർഷിക വികസന വിജ്ഞാനം കേന്ദ്രത്തിലെ കൃഷി സയന്റിസ്റ്റ് പി.എസ് ബിന്ദു സെമിനാർ നടത്തി. കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും കൈപ്പുഴ വി.എച്ച്.എസ്.സി ലെ ഹോർട്ടികൾച്ചർ വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്റ്റാളും  മേളയിലൊരുക്കിയിരുന്നു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് കോട്ടൂർ, സവിത ജോമോൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.കെ ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സക്കറിയ, നീണ്ടൂർ കൃഷി ഓഫീസർ ജ്യോത്സന കുര്യൻ, കൃഷി അസിസ്റ്റന്റ് ഇ.ഡി ദേവസ്യ ,കാർഷിക വികസന സമിതി അംഗം റോബിൻ ജോസഫ്, കൈപ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം സുരേന്ദ്ര ബാബു, നീണ്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് വി .കെ കുര്യാക്കോസ്, കർഷകർ എന്നിവർ പങ്കെടുത്തു.