ഒറ്റ മഴയിൽ വെള്ളക്കെട്ടിലാകുന്ന ഏറ്റുമാനൂർ, നാളുകളായി ദുരിതത്തിൽ വ്യാപാരികളും നാട്ടുകാരും.


ഏറ്റുമാനൂർ: ഒറ്റ മഴയിൽ വെള്ളക്കെട്ടിലാകുന്ന ഏറ്റുമാനൂർ നഗരത്തിൽ നാളുകളായി വ്യാപാരികളും നാട്ടുകാരും യാത്രക്കാരും ദുരിതത്തിൽ. അശാസ്ത്രീയമായി നിർമ്മിച്ച ഓടകളും ഓടകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാത്തതുമാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയിൽ ഏറ്റുമാനൂർ നഗരത്തിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. പ്രധാന പാതയിൽ വെള്ളം ഉയർന്നതോടെ വാഹനഗാതാഗതം തടസ്സപ്പെട്ടു. ഓടകൾ മാലിന്യങ്ങൾ തിങ്ങി നിറഞ്ഞു അടഞ്ഞു കിടക്കുന്നതിനാലാണ് കനത്ത മഴയിൽ വെള്ളം റോഡിലേക്ക് കയറുന്നത്. നഗരത്തിൽ വെള്ളക്കെട്ട് മഴ പെയ്യുന്നതോടെ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കനത്ത മഴ പെയ്യുന്നതോടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനൊപ്പം സമീപത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറുന്നത് പതിവായിരിക്കുകയാണ്. നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ കാൽനട യാത്രികരും ഇരുചക്ര വാഹന യാത്രികരും ദുരിതത്തിലായിരിക്കുകയാണ്. നാളുകളായി തുടരുന്ന ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി സംഘടനകൾ മന്ത്രിക്ക് നിവേദനമുൾപ്പടെ നൽകിയിരുന്നു. വെള്ളക്കെട്ടിൽ വീണു കാല്നടയാത്രികര്ക്ക് പരിക്കേൽക്കുന്നതും ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. നഗരസഭയുടെയും പൊതുമരാമത്തിന്റെയും ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണമെന്നും ജനങ്ങളെ ദുരിതത്തിലാക്കുന്ന നഗരത്തിലെ വെള്ളക്കെട്ടിന് എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.