കോട്ടയം: കഴിഞ്ഞ കുറച്ചു നാളുകൾകൊണ്ട് മാത്രം സമൂഹമാധ്യമങ്ങളിൽ സ്റ്റാറായി മാറിയ പൊതുജനങ്ങൾ ഏറെ ആരാധനയോടെ ഏറ്റെടുത്ത ഒരു ബസ്സാണ് റോബിൻ മോട്ടോഴ്സിന്റെ പത്തനംതിട്ട-കോയമ്പത്തൂർ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സർവ്വീസ് ബസ്സ്. ഇന്നലെയും ഇന്നുമായി വാഹനത്തിനോട് കേരള-തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പുകളുടെ വേട്ടയാടൽ തുടരുകയാണ്. ഇന്നലെ പല സ്ഥലങ്ങളിൽ കേരള മോട്ടോർ വാഹന വകുപ്പ് ബസ്സ് പരിശോധനയ്ക്കായി നിർത്തിച്ചു പിഴ ഈടാക്കിയിരുന്നു. 70410 രൂപ തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് ഇന്നലെ ഈടാക്കിയ ബസ്സാണ് ഇന്ന് വീണ്ടും പെർമിറ്റ് ലംഘനത്തിന്റെ പേരിൽ പിടിച്ചെടുത്തിരിക്കുന്നത്. ബസ്സ് പിടിച്ചെടുത്തത് കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്നും ഹൈക്കോടതി ഉത്തരവുള്ളതിനാൽ കേരളത്തിൽ വെച്ച് തന്റെ ബസ്സ് പിടിച്ചെടുക്കാൻ സാധിക്കാത്തതിനാലാണ് തമിഴ്‌നാട്ടിൽ തന്റെ ബസ്സ് പിടിച്ചെടുത്തിരിക്കുന്നതെന്നും ഉടമ ഈരാറ്റുപേട്ട ഇടമറുക് സ്വദേശി പാറയിൽ ബേബി ഗിരീഷ് പറഞ്ഞു. എന്റെ വാഹനം പിടിച്ചെടുക്കാൻ തയാറായില്ലെങ്കിൽ തമിഴ്നാട്ടിൽ നിന്ന് ശബരിമലയ്ക്ക് പോകുന്ന വാഹനങ്ങൾക്കു മേൽ നടപടിയുണ്ടാകുമെന്ന് ഭീഷണിയുണ്ട്, എന്നെ ഒരു തീവ്രവാദിയെപ്പോലെയാണ് ഉദ്യോഗസ്ഥർ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. പെർമിറ്റ് ലംഘിച്ചതിന് ഗാന്ധിപുരം ആർടിഒയാണ് ബസ് നിലവിൽ പിടിച്ചു എടുത്തത്. നാളെ മാത്രമേ പിഴയടക്കമുള്ള മറ്റു നടപടികളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുള്ളൂ.