നിയമ വ്യവസ്ഥയില്‍ വിശ്വാസമുള്ളത് കൊണ്ട് യാതൊരു തരത്തിലും ഭയപ്പെടുന്നില്ല, ഒരു ലക്ഷമല്ല ഒരു കോടി രൂപ ചിലവായാലും ബസ്സ് നിരത്തിലോടിക്കും: റോബിൻ ബസ്സ് ഉടമ


ഈരാറ്റുപേട്ട: നിയമ വ്യവസ്ഥയില്‍ വിശ്വാസമുള്ളത് കൊണ്ട് യാതൊരു തരത്തിലും ഭയപ്പെടുന്നില്ല എന്നും നാളെ മുതൽ പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ ബസ്സ് സർവ്വീസ് നടത്തുമെന്ന് റോബിൻ ബസ്സ് ഉടമ ഗിരീഷ് പറഞ്ഞു. കെ എസ് ആർ ടി സി യുടെ കെ-സ്വിഫ്റ്റ് പെർമിറ്റ് ലേലത്തിൽ വെച്ചിരിക്കുകയാണെന്നും തന്നെപ്പോലെയുള്ളവർ വാഹനം നിരത്തിലോടിച്ചാൽ കെ-സ്വിഫ്റ്റ് പെർമിറ്റ് ലേലത്തിൽ എടുത്തവർക്ക് നഷ്ടം സംഭവിക്കുമെന്ന ഭീതിയിലുമാണ് തന്റെ വാഹനം സർവ്വീസ് നടത്താൻ ഗതാഗത വകുപ്പ് അനുവദിക്കാത്തതെന്നു ഗിരീഷ് പറഞ്ഞു. രണ്ടാം തവണയും ബസ്സ് പിടിച്ചെടുത്തപ്പോൾ ഒരു ലക്ഷം രൂപയാണ് കേസ് നടത്തിപ്പും ബസ്സിന്റെ അറ്റകുറ്റപ്പണികൾക്കുമായി ചെലവായത്. ഒന്നാം തവണ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തതിന് ശേഷം ഒരു മാസക്കാലയളവിനു ശേഷമാണ് ബസ്സ് രണ്ടാമത് സർവ്വീസ് നടത്താൻ ഇറക്കിയത്. അതിനു തലേന്ന് തന്റെ കൈയിൽ നിന്നും ബസ്സിന്റെ ടാക്സ് മോട്ടോർ വാഹന വകുപ്പ് മേടിച്ചിരുന്നു, എന്നിട്ടാണ് പിറ്റേന് പുലർച്ചെ തന്റെ ബസ്സ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തതെന്നും ഗിരീഷ് പറഞ്ഞു. ഒരു ലക്ഷമല്ല ഒരു കോടി രൂപ ചിലവായാലും ബസ്സ് നിരത്തിലോടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തവണയും സർവ്വീസ് ആരംഭിക്കാൻ ഒരുങ്ങുമ്പോൾ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുമെന്നു ഉറപ്പുണ്ടെന്നും ഇനി രാവിലെ തടഞ്ഞില്ലെങ്കിൽ കോയമ്പത്തൂരിൽ നിന്നും തിരികെയെത്തുമ്പോൾ വാഹനത്തിൽ അനധികൃതമായി സാധനം കടത്തി എന്ന് ആരോപിച്ചു കെട്ടിച്ചമച്ചു കേസ് ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഗിരീഷ് പറഞ്ഞു. കഴിഞ്ഞ രണ്ട തവണയും പുലർച്ചെ റാന്നിയിൽ വെച്ചാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ റാന്നിയിൽ വെച്ച് ബസ്സ് പിടിച്ചെടുക്കുകയായിരുന്നു.