കോട്ടയം: കേരളത്തിലെ ആദ്യത്തെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്വന്തമാക്കിയ റോബിൻ മോട്ടോഴ്‌സ് വ്യാഴാഴ്ച മുതൽ വീണ്ടും സർവ്വീസ് പുനരാരംഭിക്കുന്നു. വ്യാഴാഴ്ച മുതൽ വീണ്ടും സർവ്വീസ് ആരംഭിക്കുകയാണെന്നു റോബിൻ മോട്ടോർസ് ബസ്സിന്റെ ഉടമ ഈരാറ്റുപേട്ട ഇടമറുക് പാറയിൽ ബേബി ഗിരീഷ് പറഞ്ഞു.
കേന്ദ്ര സർക്കാർ അനുവദിച്ച ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് ആരംഭിച്ച ബസ്സ് 2 തവണ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുകയായിരുന്നു. ആദ്യ തവണ റാന്നിയിൽ വെച്ച് ബസ്സ് മോട്ടോർ വാഹന വകുപ്പ് പിടികൂടുകയും സർവ്വീസ് നടത്താൻ അനുവദിക്കുകയുമില്ലെന്നു അറിയിക്കുകയായിരുന്നു. തുടർന്ന് ഒരു മാസക്കാലത്തോളം ബസ്സ് സർവ്വീസ് നടത്തിയിരുന്നില്ല. ബസ്സിന്റെ ഫിറ്റ്നസ് അന്ന് റദ്ദ് ചെയ്തിരുന്നു. തുടർന്നു സുപ്രീംകോടതിയുടെ ഉത്തരവുമായി സർവീസിനൊരുങ്ങിയ റോബിൻ ബസ്സ് വീണ്ടും റാന്നിയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുകയായിരുന്നു.
അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്വന്തമാക്കി പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവ്വീസ് ആരംഭിച്ച റോബിൻ മോട്ടോഴ്സിന്റെ ബസ്സ് സർവ്വീസ് ആരംഭിച്ചു രണ്ടാം ദിവസം മോട്ടോർ വാഹന വകുപ്പ് അധികൃതർ റാന്നിയിൽ വെച്ച് വെളുപ്പിന് പരിശോധിക്കുകയും സർവ്വീസ് തുടരാൻ സാധിക്കില്ല എന്ന് അറിയിക്കുകയുമായിരുന്നു. ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും നിരവധി മുടന്തൻ ന്യായങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒരു മാസക്കാലത്തോളം വാഹനത്തിന്റെ സർവ്വീസ് തടഞ്ഞത്. കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് എടുത്തിരിക്കുന്നത്.
എന്നാൽ ഇത് കേരളത്തിൽ ഓടാൻ സാധിക്കില്ല എന്ന നിലപാടിലാണ് ഗതാഗത വകുപ്പ്. പക്ഷെ സംസ്ഥാനത്ത് കെ എസ് ആർ ടി സി ക്കു വേണ്ടി കേന്ദ്ര സർക്കാരിന്റെ ഗതാഗത നിയമങ്ങളിൽ പൊളിച്ചെഴുത്ത് നടത്തിയിട്ടുണ്ട് എങ്കിലും അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പും ഉദ്യോഗസ്ഥരും എന്ന് ഗിരീഷ് പറഞ്ഞു. ഈ സർവ്വീസ് നടത്തിക്കില്ലെന്നും എന്ത് വില കൊടുത്തും തടയാനുള്ള മാർഗ്ഗങ്ങൾ നോക്കുമെന്നുമാണ് കേരളത്തിലെ ഗതാഗത വകുപ്പിന്റെ നിലപാട് എന്നും ഗിരീഷ് പറഞ്ഞു. കെ എസ് ആർ ടി സി കുത്തകയായി കൊണ്ട് നടക്കുന്ന റൂട്ടുകളിൽ സ്വകാര്യ ബസ്സുകൾ വരുന്നത് തടയാനാണ് ഇത്തരം നിലപാട് ഉദ്യോഗസ്ഥരും വകുപ്പും സ്വീകരിക്കുന്നതെന്ന് ഗിരീഷ് പറഞ്ഞു.
പൊതുജനങ്ങൾക്ക് മികച്ച യാത്രാ സംവിധാനം നൽകാൻ ഇത്തരത്തിൽ എത്തുന്ന സ്വകാര്യ ബസ്സുകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ്സുകൾ എത്തുന്നതോടെ ദീർഘദൂര കെ എസ് ആർ ടി സി ബസ്സുകൾ നഷ്ടത്തിലാകുമെന്ന ഭീതിയാണ് വകുപ്പിന്. ഒരു മാസക്കാലം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രണ്ടാം തവണ റോബിൻ മോട്ടോർസ് സർവ്വീസ് ആരംഭിച്ചത്. എന്നാൽ രണ്ടാം തവണയും പുലർച്ചെ റാന്നിയിൽ വെച്ചുതന്നെ ബസ്സ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുകയായിരുന്നു.
സുപ്രീം കോടതി ഉത്തരവുകളും മറ്റു രേഖകളും ഉടമ ഗിരീഷ് ഹാജരാക്കിയെങ്കിലും ബസ്സ് സർവ്വീസ് നടത്താനാകില്ലെന്നും സർവ്വീസ് നിർത്തി വെക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. ബസ്സ് പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ചിരുന്നു. കേന്ദ്ര സര്ക്കാരിന്റെ ഓൾ ഇന്ത്യ പെർമിറ്റിൽ പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് നടത്തുമെന്ന് ഉടമ ഗിരീഷ് പറഞ്ഞു.