കോട്ടയം: സഫായി കർമചാരി ദേശീയ കമ്മീഷൻ അധ്യക്ഷൻ എം. വെങ്കിടേശൻ ജില്ലയിൽ സന്ദർശനം നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകനയോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്ഥിരം, താത്കാലിക ശുചീകരണ തൊഴിലാളികളുടെ യൂണിഫോം വിതരണം, ജോലി സമയം, അവധി ദിവസങ്ങൾ, വേതനം തുടങ്ങി തൊഴിലിടങ്ങളിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. എല്ലാ ശുചീകരണ തൊഴിലാളികൾക്കും യൂണിഫോം, ഇൻഷുറൻസ് ആനുകൂല്യങ്ങൾ, സുരക്ഷാ ഉപാധികൾ എന്നിവ ലഭിച്ചുവെന്ന് ഉറപ്പു വരുത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ തുടർ വിലയിരുത്തലുകൾ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു. യോഗത്തിൽ ശുചിത്വ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ ആൻഡ് ഡിസ്ട്രിക്ട് കോ - ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ജില്ലാ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ, ജില്ലാതല ഉദ്യോഗസ്ഥർ, നഗരസഭാ സെക്രട്ടറിമാർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ജില്ലാ വിജിലൻസ് മോണിറ്ററിംഗ് കമ്മിറ്റിയംഗങ്ങൾ, ശുചീകരണത്തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. മുട്ടമ്പലം അംബേദ്കർ കോളനിയിൽ ശുചീകരണ തൊഴിലാളികളുടെ വീടുകളും സഫായി കർമചാരി ദേശീയ കമ്മീഷൻ അധ്യക്ഷൻ സന്ദർശിച്ചു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, വാർഡ് കൗൺസിലർ റീബ വർക്കി, ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.