ആൾദൈവം ചമഞ്ഞ് തട്ടിപ്പ് നടത്തിയ സന്തോഷ് മാധവന്റെ ഭൂമി സർക്കാർ ഏറ്റെടുത്തു, വൈക്കത്ത് കേരള ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് കൈവശം വച്ചിരുന്നത് 7.1246 ഏക്കർ മ


കോട്ടയം: ആൾദൈവം ചമഞ്ഞ് തട്ടിപ്പ് നടത്തിയ സന്തോഷ് മാധവന്റെ ഭൂമി സർക്കാർ ഏറ്റെടുത്തു. സന്തോഷ് മാധവന്റെ (സ്വാമി അമൃത ചൈതന്യ)  വൈക്കത്ത് കേരള ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് കൈവശം വച്ചിരുന്ന 7.1246 ഏക്കർ മിച്ചഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. വൈക്കം താലൂക്കിലെ വടയാർ വില്ലേജിൽ ഉൾപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതിനു ഹൈക്കോടതി ഉത്തരവ് ഉത്തരവിട്ടിരുന്നു. തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കളക്ടർ ആൻഡ് കോട്ടയം സോണൽ ലാൻഡ് ബോർഡ് ചെയർമാൻ എസ്. സനിൽകുമാർ സ്ഥലം ഏറ്റെടുക്കാൻ ഉത്തരവിറക്കുകയായിരുന്നു. വൈക്കം താലൂക്ക് ഓഫീസിൽ ചൊവ്വാഴ്ച ചേർന്ന വൈക്കം താലൂക്ക് ലാൻഡ് ബോർഡ് യോഗത്തിലാണ് ഉത്തരവിറക്കിയത്. താലൂക്ക് ലാൻഡ് ബോർഡ് അംഗങ്ങളായ കെ.കെ. ഗണേഷൻ, കെ. വിജയൻ, പി. ജി. ത്രിഗുണസെൻ, വൈക്കം തഹസിൽദാർ ഇ.എം. റെജി, എം.ഡി. ബാബുരാജ്, ഹെഡ് മിനിസ്റ്റീരിയൽ ഓഫീസർ ടി.വി. ഷമി, ഓതറൈസ്ഡ് ഓഫീസർ കെ.ജി. അജിത്കുമാർ, വടയാർ വില്ലേജ് ഓഫീസർ മോളി ദാനിയൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.  പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് സന്തോഷ് മാധവനെ 2009 മെയ് മാസത്തിൽ എറണാകുളം അഡീഷണൽ സെഷന്‍സ് കോടതി 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.