കോട്ടയം: തിരുവനന്തപുരത്തു കെട്ടിട നിർമ്മാണ ജോലിക്കിടെ ഇരുനിലക്കെട്ടിടത്തിനു മുകളി നിന്ന് വീണു പരിക്കേറ്റു ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച സുരേഷ്(37)ന്റെ ഹൃദയം ഇനി കോട്ടയം എസ്.എച്ച്.മൗണ്ട് സെന്റ്. ജോസഫ് കപ്യൂച്യന്‍ പ്രൊവിന്‍ഷ്യാലേറ്റിലെ പുരോഹിതനായ കാവാലം സ്വദേശി ഫാ. ജോസഫ് സെബാസ്റ്റ്യനില്‍ തുടിക്കും. നെഞ്ചു നീറുന്ന ദുഖത്തിനിടയിലും സുരേഷിന്റെ കുടുംബാംഗങ്ങൾ അവയവ ദാനത്തിനു സമ്മതം മൂളുകയായിരുന്നു. തിരുവനന്തപുരം പൂങ്കുളം കാരോട്ട് കോണം സുരേഷ്ഭവനില്‍ അര്‍ജുനന്റെയും ലളിതയുടെയും മകനായ സുരേഷ് കെട്ടിട നിർമ്മാണ ജോലിക്കാരനായിരുന്നു. തിരുവനന്തപുരം ആനയറയിൽ വീട് നിർമ്മാണ ജോലിക്കിടെ രണ്ടാം നിലയിൽ നിന്നും കാൽ വഴുതി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷ് അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 2 നാണു അപകടം സംഭവിച്ചത്. ഞായറാഴ്ച രാവിലെ മസ്തിഷ്‌കമരണം സംഭവിച്ചതായി ആശുപത്രി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സുരേഷിന്റെ അവയവങ്ങൾ ധാനം ചെയ്യാൻ മാതാപിതാക്കളും ഭാര്യ രെഞ്ചുവും സമ്മതമറിയിക്കുകയായിരുന്നു. കഴിഞ്ഞ 2 വർഷത്തോളമായി കോട്ടയം മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഫാ. ജോസഫ് സെബാസ്റ്റ്യൻ. മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച പുലർച്ചെ കോട്ടയത്തു നിന്നും പുറപ്പെട്ടു ആശുപത്രിയിൽ എത്തി. തുടർന്ന് ഉച്ച കഴിഞ്ഞു രണ്ടരയോടെ കോട്ടയത്തേക് തിരിക്കുകയായിരുന്നു. വൈകിട്ട് നാലേമുക്കാലോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ശസ്ത്രക്രിയ ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നും കോട്ടയം വരെ പൂജപ്പുര സ്റ്റേഷനിലെ എസ്ഐ സി.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആംബുലൻസിനൊപ്പം ഉണ്ടായിരുന്നു. ആംബുലൻസ് കടന്നു വന്ന വഴികളിൽ പോലീസും നാട്ടുകാരും ഡ്രൈവർമാരും ആംബുലൻസ് കൂട്ടായ്മ ഡ്രൈവർമാരും തടസ്സമില്ലാത്ത വഴിയൊരുക്കി. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് ഹൃദയവുമായി 159 കിലോമീറ്റർ ആംബുലന്‍സ് ഓടിയെത്തിയത് രണ്ട് മണിക്കൂര്‍ പത്ത് മിനിട്ട് കൊണ്ട് ആണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഒന്‍പതാമാത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് ഇത്. കാശിനാഥ്, ദര്‍ശിക് നാഥ് എന്നിവരാണ് സുരേഷിന്റെ മക്കൾ. സുരേഷിന്റെ കുടുംബം അവയവ ദാനത്തിനു സമ്മതമറിയിച്ചതോടെ 7 പേർക്കാണ് പുതുജീവന് വെളിച്ചം വീശിയത്. തീവ്രദു:ഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന ബന്ധുക്കള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു.