കോട്ടയം: ഉത്സവക്കാലം ലക്ഷ്യമാക്കിയുള്ള ലഹരിവില്‍പ്പനക്കാരുടെ ഇടപെടലുകള്‍ ഒഴിവാക്കുന്നതിന് പൊലീസ്, എക്‌സൈസ് സംയുക്ത പരിശോധന നടത്തണമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ ആലോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കഞ്ചാവ്, എം.ഡി.എം.എ. അടക്കമുള്ള ലഹരി വസ്തുക്കളുമായി വിതരണക്കാര്‍ മേഖലയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെന്നും പ്രതിരോധിക്കാനായി സംയുക്ത സ്‌ക്വാഡ് രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു. വൈക്കത്തഷ്ടമി സുഗമമാക്കാന്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 24 മുതല്‍ ഡിസംബര്‍ അഞ്ചു വരെയാണ് വൈക്കത്തഷ്ടമി. നവംബര്‍ 17 മുതല്‍ 24 മണിക്കൂറും പൊലീസ്, അഗ്‌നിരക്ഷസേന, എക്‌സൈസ് വിഭാഗങ്ങളുടെ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിക്കും.
ക്ഷേത്രത്തിലും പരിസരങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 450 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ക്ഷേത്രവും പരിസരവും സിസിടിവിയുടെ നിരീക്ഷണത്തിലായിരിക്കും. ഇതിനായി 36 സ്ഥിരം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 34 താത്കാലിക സിസിടിവി ക്യാമറകളും സ്ഥാപിക്കും. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി നാര്‍കോട്ടിക്‌സില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡിനെയും ഉപയോഗിക്കും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ആംബുലന്‍സ്-മരുന്ന് സേവനങ്ങളും ലഭ്യമാകും. കച്ചവട സ്ഥാപനങ്ങളിലെ വിലനിലവാരം ഏകീകരണം, പായ്ക്കറ്റ് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ ഗുണമേന്മ ഉറപ്പാക്കല്‍ എന്നിവയ്ക്ക് ലീഗല്‍ മെട്രോളജി വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തില്‍ കര്‍ശനമായ പരിശോധന നടക്കും. ക്ഷേത്രത്തിലെയും മറ്റു കുടിവെള്ള സ്രോതസുകളിലെയും ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ക്ഷേത്രത്തിനുള്ളില്‍ ചീഫ് വെറ്റിനറി ഓഫീസറിന്റെ നേതൃത്വത്തില്‍ എലെഫന്റ് സ്‌ക്വാഡും നിരീക്ഷണം നടത്തും. ക്ഷേത്രവും പരിസരവും മാലിന്യമുക്തമാക്കുന്നതിനായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കൊപ്പം കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളെയും വിന്യസിക്കുമെന്ന് നഗരസഭ അറിയിച്ചു. നവംബര്‍ 19 മുതല്‍ ഡിസംബര്‍ ആറു വരെയാണ് വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവടത്തിനായി അനുമതിയുള്ളത് ഇതിനുള്ള ലേല നടപടികള്‍ പൂര്‍ത്തിയായി. വൈക്കം കായലോര ബീച്ചില്‍ ബാരിക്കേഡ് സംവിധാനം ഉണ്ടാവും. ജലഗതാഗതവകുപ്പ് സ്‌പെഷല്‍ സര്‍വീസ് ഉള്‍പ്പെടെ 200 ബോട്ട് സര്‍വീസുകള്‍ നടത്തും.
ആള്‍ത്തിരക്ക് പരിഗണിച്ച് തവണക്കടവിലും വൈക്കത്തുമുള്ള ബോട്ട് ജെട്ടികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. റെസ്‌ക്യൂ ബോട്ടും ഉണ്ടാവും. കെ.എസ്.ആര്‍.ടി.സി വിവിധ സ്ഥലങ്ങളിലേക്ക് അധിക സര്‍വീസുകള്‍ നടത്തും. 15 ബസുകള്‍ ഇതിനായി തയാറാക്കും. കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നതിനാല്‍ നഗരത്തില്‍ ഇ-ടോയ്ലറ്റ് സംവിധാനം ഒരുക്കും. ഗതാഗത പാര്‍ക്കിംഗ് സംവിധാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എം.എല്‍.എ, പൊലീസ്, ദേവസ്വം ബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ ഒരു യോഗം കൂടി ചേരാന്‍ മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷ രാധിക ശാ്യം, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, നഗരസഭാംഗം ഗിരിജ കുമാരി, എ.എസ്.പി. നകുല്‍ രാജേന്ദ്ര ദേശ്മുഖ്, പാലാ ആര്‍.ഡി.ഒ. പി.ജി രാജേന്ദ്ര ബാബു, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ മുരാരി ബാബു, വൈക്കം തഹസില്‍ദാര്‍ ഇ.എം. റെജി, നഗരസഭാ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണന്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.വി. നാരായണന്‍ നായര്‍, വിവിധ വകുപ്പ് മേധാവികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.