വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം.


കോട്ടയം: വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചു. 86 ശതമാനം മാർക്ക് നേടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം സ്വന്തമാക്കിയത്. സേവനങ്ങൾ, രോഗികളുടെ അവകാശം, അനുബന്ധ സേവനങ്ങൾ, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി നിയന്ത്രണം, ഗുണനിലവാര നിർവഹണം എന്നിങ്ങനെ എട്ട് വിഭാഗങ്ങളായി 6500 ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ എൻ.ക്യു.എ.എസ്. അംഗീകാരം വെളിയന്നൂർ കുടുംബാരോഗ്യത്തിന് നൽകിയത്. വെളിയന്നൂർ ഗ്രാമപഞ്ചായത്തിന് രണ്ടാം തവണയാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് പുരസ്‌കാരം ലഭിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയമിക്കുന്ന ദേശീയതല പരിശോധകർ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് കേന്ദ്ര സർക്കാർ എൻ.ക്യൂ.എ.എസ് അംഗീകാരം നൽകുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് മൂന്നുലക്ഷം രൂപ വീതം വാർഷിക ഇൻസന്റീവ്സ് ലഭിക്കും. സംസ്ഥാന സർക്കാരിന്റെ കായകൽപ പുരസ്‌കാരവും വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം മുൻപ് കരസ്ഥമാക്കിയിരുന്നു.